
കൊച്ചി: കൊവിഡും ഒമിക്രോണും അതിതീവ്രമായി വ്യാപിക്കുന്നതിനിടെ ജില്ലയിൽ കണക്കിൽപ്പെടാത്ത ആയിരക്കണക്കിന് രോഗികളുണ്ടെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ്. വിവിധ കമ്പനികളുടെ ആന്റിജൻ പരിശോധനാ കിറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു. പരിശോധന നടത്തി പോസിറ്റീവ് ആകുന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുന്നില്ല. മാത്രമല്ല ഇത്തരം പരിശോധന നടത്തിയ ചിലരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കിയപ്പോൾ, നെഗറ്റീവ് മാറി പോസിറ്റീവ് ആയി.
ആരോഗ്യവകുപ്പിനെ വിവരമറിയിക്കാത്തതിനാൽ പോസിറ്റീവ് ആകുന്ന ഇത്തരക്കാർ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കിൽ പെടുന്നുമില്ല. ഒരുവീട്ടിൽ ഒരാൾ ഇത്തരം ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആകുകയും ചെയ്യും. മറ്റുള്ളവർക്ക് ലക്ഷണമുണ്ടെങ്കിൽ ഒരുതരത്തിലുള്ള പരിശോധനയ്ക്കും വിധേരാവുകയുമില്ല. പോസിറ്റീവ് ആയ വ്യക്തി വീടിനുള്ളിൽ തുടരുകയും മറ്റുള്ള അംഗങ്ങൾ ലക്ഷണങ്ങളോടെ പുറത്തിറങ്ങി നടക്കുകയും ചെയ്യും. പോസിറ്റീവ് ആയ വ്യക്തി രണ്ടും മൂന്നും ദിവസങ്ങൾ കഴിയുമ്പോൾ പുറത്തിറങ്ങും. രോഗവ്യാപനത്തോത് വൻതോതിൽ വർദ്ധിപ്പിക്കും. ഇത്തരക്കാരെ കണ്ടെത്തുക ആരോഗ്യ വകുപ്പിന് അസാദ്ധ്യമാണ്.
സർക്കാരും മറ്റു സ്ഥാപനങ്ങളും ഇത്തരം ആന്റിജൻ പരിശോധനാഫലം അംഗീകരിക്കുന്നില്ല. അംഗീകൃത ലാബുകളിൽനിന്നുള്ള ആർ.ടി.പി.സി.ആർ. ഫലം മാത്രമാണു സ്വീകാര്യം.
പ്രോത്സാഹിപ്പിച്ച് മെഡിക്കൽ ഷോപ്പുകൾ
തമ്മനം, വൈറ്റില, പാലാരിവട്ടം, എന്നിവിടങ്ങളിലെ ഒൻപത് മെഡിക്കൽ ഷോപ്പികളിൽ നിന്ന് തിങ്കളാഴ്ച മാത്രം വിറ്റു പോയത് 63 ആന്റിജൻ കിറ്റുകളാണ്. വിദ്യാർത്ഥികളും യുവാക്കളുമാണു സ്വയംപരിശോധനാ കിറ്റ് വാങ്ങി ഉപയോഗിക്കുന്നതിൽ ഭൂരിപക്ഷവും. ആന്റിജൻ പരിശോധനാ കിറ്റിന് 250 രൂപയാണ്. ഇതു മൊത്തവിതരണക്കാർ നൽകുന്നതു 70-80 രൂപയ്ക്കാണ്. ലാഭം കിട്ടുന്നരീതിയിൽ വില ഏകീകരിച്ച് മെഡിക്കൽ ഷോപ്പുടമകൾ വിൽക്കുകയാണ്. ആർ.ടി.പി.സി.ആറിനേക്കാൾ എളുപ്പമാണെന്നും വേഗത്തിൽ ഫലമറിയാമെന്നു പറഞ്ഞ് മെഡിക്കൽ ഷോപ്പുടമകൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആന്റിജൻ കിറ്റുകൾ വാങ്ങിക്കുന്നവരുടെ വിവരം മെഡിക്കൽ ഷോപ്പുകളിൽ രേഖപ്പെടുത്തണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, ജില്ലയിലെ ഒരു മെഡിക്കൽ ഷോപ്പിലും ഇത് നടക്കുന്നില്ല. ഇത് സംബന്ധിച്ച പരിശോധനകളുമില്ല.
സ്വയം പരിശോധകർ സ്വയം ചികിത്സകരും
ആന്റിജൻ കിറ്റ് വങ്ങി സ്വയം പരിശോധന നടത്തുന്നവരിലേറെയും സ്വയം ചികിത്സകരായി മാറുകയാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ജലദോഷം മാത്രമേ ഉള്ളുവെന്നു പറഞ്ഞ് മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് മരുന്ന് വാങ്ങി കഴിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. പാരസിറ്റാമോൾ, വിറ്റാമിൻ ഗുളികകൾ, അസത്രോമൈസിൻ, സിട്രസിൻ, ഡോളോ, വേദന സംഹാരികൾ തുടങ്ങിയ മരുന്നുകളാണ് സ്വയം ചികിത്സകർ ഏറെയും വാങ്ങുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങുന്ന മരുന്നുകൾ എല്ലാവരിലും ഒരേ ഫലം സൃഷ്ടിക്കണമെന്നില്ല.
സ്വയം പരിശോധകരുടെ എണ്ണം പെരുകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. നിരവധിപ്പോർ ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനാകുമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കും.
ഡോ. വി. ജയശ്രീ
ജില്ലാ മെഡിക്കൽ ഓഫീസർ