
കൊച്ചി: ഹൈക്കോടതി അനുവദിച്ച മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ തെളിവുകൾ കോർത്തിണക്കാനായെന്ന് ക്രൈംബ്രാഞ്ച് പ്രതീക്ഷ പുലർത്തുമ്പോൾ, ചോദ്യങ്ങളെ സമർത്ഥമായി നേരിട്ടെന്ന ആശ്വാസത്തിലാണ് നടൻ ദിലീപും കൂട്ടുപ്രതികളും.
തെളിവുകൾ ക്രോഡീകരിക്കുന്നതിലേക്ക് അന്വേഷണ സംഘം തിരിയുമ്പോൾ, കേസിലെക്കണ്ണികൾ കോടതിയിൽ എങ്ങനെ പൊളിക്കാമെന്നായിരിക്കും ദീലിപിന്റെ അഭിഭാഷകരുടെ ആലോചന.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യശരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നേരിട്ടെങ്കിലും ദിലീപിനും കൂട്ടുപ്രതികൾക്കും മൊഴികളിലെ വൈരുദ്ധ്യവും 'ശബ്ദവും' കുരുക്കായെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിലുള്ളത് ദിലീപിന്റെയും മറ്റുപ്രതികളുടെയും ശബ്ദമാണെന്ന് ഇവരെ വർഷങ്ങളായി പരിചയമുള്ള സംവിധായകരായ റാഫി, അരുൺ ഗോപി, വ്യാസൻ എടവനക്കാട് എന്നിവർ സ്ഥിരീകരിച്ചിട്ടുണ്ട്. ശബ്ദസാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന മാത്രമാണ് മുന്നിലുള്ള കടമ്പ. ശാസ്ത്രീയ തെളിവുകൾ നാളെ മുദ്ര വച്ച കവറിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ജാമ്യാപേക്ഷ തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങും.
ഇന്നലെ രാവിലെ ഒമ്പതോടെ ദിലീപും സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, മാനേജർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ഹാജരായി. ഉച്ചയ്ക്ക് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തും മദ്ധ്യമേഖല റേഞ്ച് ഐ.ജി ഗോപേഷ് അഗർവാളും ഓഫീസിലെത്തി പുരോഗതി വിലയിരുത്തി. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെയും ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സജിത്തിനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. ദിലീപിന്റെ ശബ്ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിലീപിന്റെ മൊഴിക്ക് വിരുദ്ധമാണ് വ്യാസന്റെ മൊഴിയെന്നാണ് സൂചന.
ജാമ്യം ലഭിക്കാൻ ഇടപെട്ടു
ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞതായി അഭിഭാഷകൻ സജിത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇന്നലെ വൈകിട്ടോടെയാണ് സജിത്ത് ഹാജരായത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് ബാലചന്ദ്രകുമാർ തന്നോട് പറഞ്ഞിരുന്നു. ഇരുവരുടെയും വാട്ട്‌സാപ് ചാറ്റുകളും സജിത്ത് കൈമാറിയിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുമോ എന്ന് പറയാനാകില്ല.
എസ്. ശ്രീജിത്ത്
ക്രൈംബ്രാഞ്ച് മേധാവി