dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അഡിഷണൽ സാക്ഷികളുടെ വിസ്താരത്തിന് ഹൈക്കോടതി പത്തു ദിവസം കൂടി അനുവദിച്ചു. നാളെ മുതൽ പത്തു ദിവസത്തിനകം വിസ്താരം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം. ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തി, നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ അഡിഷണൽ സാക്ഷികളായി വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെ പത്തു ദിവസത്തിനകം വിസ്തരിക്കാൻ ഹൈക്കോടതി ജനുവരി 17ന് അനുമതി നൽകി. എന്നാൽ ഇവരിൽ ചിലർ കേരളത്തിനു പുറത്താണെന്നും സമൻസ് നൽകി കോടതിയിൽ എത്തിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്തു ദിവസത്തിനകം വിസ്താരം പൂർത്തിയാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഉറപ്പാക്കണമെന്ന് സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കേസിലെ തുടരന്വേഷണം പൂർത്തിയാകുന്നതുവരെ അഡിഷണൽ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.