കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ പി.എം.എ.വൈ -ലൈഫ് മിഷൻ പദ്ധതിയിലെ കുരുക്കുകൾ അഴിക്കാൻ അധികൃതർ ശ്രമം ആരംഭിച്ചു. പദ്ധതിയിൽ ഇടം ലഭിച്ചിട്ടും ഇനിയും ഭവനനിർമ്മാണം ആരംഭിക്കാത്തവരെ ഒഴിവാക്കാനാണ് തീരുമാനം. കേന്ദ്ര സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനുള്ള അടിയന്തര ശ്രമത്തിന്റെ ഭാഗമായാണ് അനർഹരെ ഒഴിവാക്കുന്നത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുകയും നാളിതുവരെ ഭവനനിർമ്മാണം ആരംഭിച്ചിട്ടില്ലാത്തതുമായ ഗുണഭോക്താക്കൾ 31 നകം കോർപ്പറേഷനിലെ പി.എം.എ.വൈ - ലൈഫ് മിഷൻ സെല്ലിൽ ബന്ധപ്പെടണമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം മുടങ്ങിയതോടെ ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് തുടക്കം കുറിച്ചവർ പെരുവഴിയിലാണ്. ഉണ്ടായിരുന്ന വീടുപൊളിച്ച് പുതിയത് നിർമ്മിക്കാൻ ആരംഭിച്ചവരെല്ലാം ആകെ കുരുങ്ങി. പഴയത് പൊളിച്ചുനീക്കി, പുതിയത് പൂർത്തിയാക്കാനും കഴിയുന്നില്ല. ഇതോടെ, കിടക്കാനിടമില്ലാതെ വലയുകയാണ് ഭൂരിഭാഗംപേരും. വീടുനിർമ്മാണത്തിനുള്ള പണം മുടങ്ങിയിട്ട് ഒരു വർഷത്തോളമായി.
നാല് ഗഡുക്കളായാണ് വീടു നിർമ്മാണത്തിന് പണം നൽകുന്നത്. നാലുലക്ഷം രൂപയാണ് പദ്ധതി പ്രകാരം വീടു നിർമ്മാണത്തിന് ലഭിക്കുന്നത്. 8,356 പേർക്കാണ് കോർപ്പറേഷൻ വീടുകൾ അനുവദിച്ചത്. നേരത്തേ 9,747 പേർ പട്ടികയിലുണ്ടായിരുന്നു. ഇപ്പോൾ പുതിയ പട്ടിക തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയുമാണ്.
പി.എം.എ.വൈ പദ്ധതി ചെലവിനായി കോർപ്പറേഷന് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നായി 33 കോടി രൂപയാണ് ലഭിക്കാനുള്ളത്.
മുൻവർഷങ്ങളിലെ അപേക്ഷകൾ കെട്ടിക്കിടക്കുന്നതു കൊണ്ടാണ് കേന്ദ്രവിഹിതം ലഭ്യമാകാത്തതെന്ന് മേയർ പറയുന്നു. അപേക്ഷയോടൊപ്പം നൽകേണ്ട സുപ്രധാന സർട്ടിഫിക്കറ്റുകൾ നൽകാത്തവരുണ്ട്. പഴയ അപേക്ഷകളിലെ പ്രശ്‌നങ്ങൾ തീർക്കാതെ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കില്ല. അതിനാലാണ് അനർഹരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. അതേസമയം യാതൊരു കാരണവശാലും അർഹരായവർക്ക് ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് എം.അനിൽകുമാർ പറഞ്ഞു.