ആലുവ: എടത്തല പഞ്ചായത്തിൽപ്പെട്ട പുക്കാട്ടുപടിയിൽ തിരക്കിട്ട് നടപ്പാക്കിയ വൺവേ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് നടപ്പിലാക്കിയ വൺവേയിലെ പോരായ്മകൾ പരിഹരിക്കാൻ നടപടിയുണ്ടകണമെന്ന് 169, 175 ബൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കെട്ടിടങ്ങൾക്ക് നിയമപരമായി അനുവദിച്ചിട്ടുള പാർക്കിംഗ് സൗകര്യങ്ങൾ തുറക്കണം. അനധികൃത നിർമ്മാണങ്ങൾ ഒഴിവാക്കി കെട്ടിടങ്ങൾ റഗുലറൈസ് ചെയ്യാൻ കെട്ടിട ഉടമകൾക്ക് മതിയായ സമയപരിധി നൽകണം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് പോകാൻ ബൈപ്പാസ് കവലയിൽ ഇടത്തേക്ക് തിരിയാൻ തടസമായ സ്വകാര്യ പുരയിടം ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ളോക്ക് വൈസ് പ്രസിഡന്റ് എം.എ.എം. മുനീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി പി.കെ. എൽദോസ്, ബൂത്ത് പ്രസിഡന്റുമാരായ ഒ.വി. മനോജ്, ഷഫീഖ് മുഹമ്മദ്, എ.എം. റാഫി, ബിജി വർഗീസ്, സി.യു. നിസാർ, പി.എ. അബ്ബാസ്, കോശി സലീം, എം.ആർ. സുരേന്ദ്രൻ, നവാബ് ചീരണംകൂടി തുടങ്ങിയവർ നേതൃത്വം നൽകി.