atmic-amal-devams

കൊച്ചി: പ്രായം ഒരു വയസും 10 മാസവും. വാക്കുകൾ കൂട്ടിച്ചൊല്ലാറായില്ലെങ്കിലും ഓർമ്മശക്തിയുടെ മികവിൽ ആത്മിക് അമൽ ദേവാംശ് കരസ്ഥമാക്കിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് അംഗീകാരം. ഇംഗ്ലീഷ് അക്ഷരമാല (എ- ഇസ്ഡ്), 1- 20 അക്കങ്ങൾ, പക്ഷിമൃഗാദികൾ, പ്രമുഖവ്യക്തികൾ, വാഹനങ്ങൾ, അവയുടെ സ്പെയർപാർട്സുകൾ തുടങ്ങി 250 ൽ അധികം പദങ്ങളാണ് ആത്മിക് ന്റെ നാവിൻതുമ്പിൽ തത്തിക്കളിക്കുന്നത്.

എത്ര ചിത്രങ്ങൾക്കിടിയിൽ നിന്നായാലും ഇന്ദിരാഗാന്ധി, മഹാത്മാഗന്ധി, നരേന്ദ്രമോദി, പിണറായി വിജയൻ തുടങ്ങി പ്രമുഖ നേതാക്കളെ അവൻ തിരിച്ചറിയും. വാഹനത്തിന്റെ ബോണറ്റ് തുറന്നുകാണിച്ചാൽ എൻജിൻ, റേഡിയേറ്റർ, ഫിൽറ്റർ, ഹോൺ, ബാറ്ററി തുടങ്ങി ഓരോന്നും തൊട്ടുകാണിച്ച് പേരുപറയും. സ്റ്റിയറിംഗും ഗിയറും ക്ലച്ചും ബ്രേക്കുമൊക്കെ കക്ഷിക്ക് തിരിച്ചറിയാം. നാലുമാസം പ്രായമുള്ളപ്പോൾ കളിപ്പാട്ടങ്ങൾ പേരുകൊണ്ട് തിരിച്ചറിയുന്നശീലം പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കൾ കുട്ടിയുടെ കഴിവ് കണ്ടെത്തിയത്. അത് പിന്നീട് നന്നായി പ്രോത്സാഹിപ്പിച്ചു. ഒരുവയസ് തികയും മുമ്പ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ പ്രണവ് മോഹൻലാലിന്റെയും കല്യാണി പ്രിയദർശന്റെയും കഥാപാത്രങ്ങളുടെ മകനായും അഭിനയിച്ചു. ചെന്നൈയിലും കേരളത്തിലുമൊക്കെയായി നാലുമാസത്തോളം നീണ്ടുനിന്ന ഷൂട്ടിംഗിനിടയിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ചില്ലറ അസ്വസ്ഥതകൾ കാട്ടിയെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ ലൊക്കേഷനിലും താരമായി. സിനിമയിൽ 20 മിനിറ്റോളം ആത്മികിന്റെ പ്രകടനമുണ്ട്. എറണാകുളം വെണ്ണല സ്വദേശിയും സിവിൽ എൻജിനീയർമാരുമായ അമൽ ഗിരീഷ്, ആതിര അമൽ ദമ്പതികളുടെ ഏകപുത്രനാണ് ആത്മിക്. കൊച്ചുമിടുക്കൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് കരസ്ഥമാക്കിയതറിഞ്ഞ് ഹൈബി ഈഡൻ എം.പി, വാർഡ് കൗൺസിലർ കെ.ബി.ഹർഷൽ, ബി.ജെ.പി ജില്ല സെക്രട്ടറി എസ്.ജയകൃഷ്ണൻ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായി വീട്ടിലെത്തുന്നത്.

 ആത്മികിന്റെ ഓർമ്മയിലുള്ളത്

മൃഗങ്ങൾ 24

പക്ഷികൾ 7

അവയവങ്ങൾ 12

നിറം 9

ഇലക്ട്രിക് ഉപകരണങ്ങൾ 9

ജലജീവികൾ 7

ഭക്ഷ്യവിഭവങ്ങൾ 10

പഴങ്ങൾ, പച്ചക്കറികൾ 23

ഗൃഹോപകരണങ്ങൾ 34

വാഹനങ്ങൾ 28

ജീവികൾ 4

വാഹനങ്ങളുടെ സ്പെയർപാർട്സുകൾ 15

സ്ഥലങ്ങൾ 7

മറ്റുവസ്തുക്കൾ 39