നെടുമ്പാശേരി: വിമാനത്താവളത്തിന് മുമ്പിലെ സർവീസ് റോഡിലെ നടപ്പാത നിർമ്മാണം നാട്ടുകാരും വ്യാപാരികളും ചേർന്ന് തടഞ്ഞു. മുന്നറിയിപ്പുമില്ലാതെ നടത്തിയ നിർമ്മാണം റോഡരികിൽ കച്ചവടം ചെയ്യുന്നവരും ഓട്ടോ, ടാക്‌സി ഡ്രൈവർമാരും പ്രദേശവാസികളും ചേർന്നാണ് തടസപ്പെടുത്തിയത്. അശാസ്ത്രീയമായ നിർമ്മാണം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ പരാതി.
എന്നാൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപ്പാത നിർമ്മിക്കുന്നതെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്കുള്ള സർവ്വീസ് റോഡിലെ അനധികൃത പാർക്കിംഗും ബീവറേജ് ഔട്ട് ലെറ്റിലെത്തുന്നവരുടെ തിരക്കും മൂലം യാത്രക്കാർ ഏറെ നാളായി ദുരിതമനുഭവിക്കുകയാണ്.