
കൊച്ചി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ സൂപ്രണ്ട് വി. വിവേക് നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചയാൾ.
ഈ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും അറസ്റ്റ് ചെയ്ത സംഘത്തിൽപ്പെട്ടയാളാണ് വിവേക്.
2003 ൽ ഇൻസ്പെക്‌ടറായി സേവനം ആരംഭിച്ച ഇദ്ദേഹം മുൻ ഇന്ത്യൻ ബാസ്കറ്റ് ബാൾ താരമാണ്. 2005ൽ ഫിബ സ്റ്റാൻകോവിച്ച് കപ്പിൽ സ്വർണ്ണമെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. കൊച്ചി സ്വദേശി വാസുദേവൻ നായരുടെയും എം. ശങ്കരിയുടെയും മകനാണ്.
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം കൊച്ചിയിലെ കേന്ദ്ര അന്വേഷണ ഏജൻസിയിലെ മറ്റൊരു ഉദ്യോഗസ്ഥനും സ്വന്തമാക്കി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കൊച്ചി സോണൽ ഓഫീസിലെ സീനിയർ ഇന്റലിജൻസ് ഓഫീസർ ടി.കെ. ശ്രീഷാണിത്. കൊച്ചിയിൽ കസ്റ്റംസ് സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കള്ളക്കടത്ത്, മയക്കുമരുന്ന് കടത്തു കേസുകൾ പിടികൂടിയിട്ടുണ്ട്. ബീച്ച് വോളിബാൾ അന്താരാഷ്ട്ര താരമാണ് കോഴിക്കോട് സ്വദേശിയായ ശ്രീഷ്. ഭാര്യ: സ്നിഗ്ദ്ധ ഗോവിന്ദ്. മക്കൾ: മാധവ്, നീരവ്.