നെടുമ്പാശേരി: സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന താളംതെറ്റുന്നതായി പരാതി. ചെങ്ങമനാട് പി.എച്ച്.സിയിൽ പരിശോധിച്ച മുപ്പതോളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടും ഫലം ലഭ്യമായത് ഒരാഴ്ച്ചയ്ക്ക് ശേഷമാണ്.

സർക്കാർ ലാബുകളിൽ നിന്നുള്ള കൊവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകാൻ കാലതാമസം നേരിടുന്നതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 18ന് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമായ നൂറിലേറെപ്പേരിൽ മുപ്പതോളം പേരുടെ പരിശോധനനാ ഫലം പോസിറ്റീവായിട്ടും ഇന്നലെയാണ് ഫലം ലഭ്യമായത്. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരം പരിശോധനാഫലം പോസിറ്റീവായാൽ ഒരാഴ്ച്ചയ്ക്കുശേഷം മറ്റ് പരിശോധനകളില്ലാതെ പുറത്തിറങ്ങാം.

 രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുന്നു

ഇതിനിടെ പരിശോധനാ ഫലം സമയത്ത് ലഭിക്കാതിരിക്കുന്നതോടെ പ്രത്യക്ഷത്തിൽ ലക്ഷണങ്ങൾ ഇല്ലാതിരുന്നവർ പുറത്തേക്കിറങ്ങുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാക്കുകയാണ്. സാധാരണ നിലയിൽ ഫലം പോസിറ്റീവായാൽ ആരോഗ്യ പ്രവർത്തകർ ഉടൻ ബന്ധപ്പെട്ട് വിവരം കൈമാറും. നെഗറ്റീവാണെങ്കിൽ പലപ്പോഴും പ്രത്യേകിച്ച് അറിയിപ്പ് ലഭിക്കാറുമില്ല. ഇത് കണക്കിലെടുത്ത് അറിയിപ്പ് ലഭിക്കാതായപ്പോൾ ഫലം നെഗറ്റീവായിരിക്കുമെന്ന ധാരണയിലാണ് പലരും പുറത്തേക്കിറങ്ങിയത്.

സർക്കാർ ലാബുകളിൽ പരിശോധന നടത്തുന്ന ടെക്‌നീഷ്യൻമാർക്ക് കൂട്ടത്തോടെ രോഗം പിടിപെട്ടതാണ് ഫലം ലഭ്യമാകാൻ കാലതാമസമുണ്ടാക്കിയതെന്നാണ് വിവരം. ഇക്കാര്യത്തിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിൽ ആരോഗ്യവിഭാഗം അലംഭാവം കാണിക്കുകയാണ്. ചെങ്ങമനാട് പി.എച്ച്.സിയിൽ ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലെ ലാബിലാണ് ആദ്യം എത്തിച്ചത്. ഇവിടെ ആവശ്യമായ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ എറണാകുളം ജില്ലാ ആശുപത്രിയിലെ ലാബിലാണ് പരിശോധിച്ചത്.