മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ഓൺലൈൻ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നഗരസഭ പേവാർഡ് കോംപ്ലക്സിലെ മുറി ലേലംചെയ്യുന്നതിന് വാടക നിശ്ചയിക്കുന്നതിന്റെ ഭാഗമായി 2025 രൂപയിൽ നിന്ന് 11095 രൂപയായി ഉയർത്തി പി.ഡബ്ല്യു.ഡി റേറ്റ് നിശ്ചയിക്കണമെന്ന അജണ്ടയിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാടക കൂട്ടുന്നത് ഉചിതമല്ലെന്നും കച്ചവടക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടപ്പോൾ അജണ്ട വോട്ടിനിടണമെന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്. ഓൺലൈനായി കൂടിയ യോഗത്തിൽ എല്ലാ കൗൺസിലർമാർക്കും പൂർണ്ണമായി പങ്കെടുക്കുന്നതിൽ നെറ്റ്‌വർക്ക് തകരാറുകൾ ഉണ്ടാകുന്നുവെന്നും അജണ്ട വോട്ടിനിടാതെ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ചെയർമാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഓൺലൈൻ യോഗം ബഹിഷ്കരിച്ചു. പദ്ധതിവിഹിതം വെട്ടിക്കുറക്കണമെന്ന സർക്കാർ നിർദ്ദേശം കൗൺസിലിൽ അംഗങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുന്ന നിലപാടും. ട്രാഫിക് റെഗുലേറ്ററി ബോർഡ്‌ തീരുമാനങ്ങൾ കൗൺസിലർമാരുടെ ശ്രദ്ധയിൽപ്പോലും പെടുത്താതെ നടപ്പിലാക്കിയതിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉണ്ടായി. ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്ന മുനിസിപ്പൽ ചെയർമാന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.