padaseharam
നെടുമ്പാശേരി തുരുത്തിശേരി കൈതപ്പാടം മണ്ണിട്ട് നികത്തിയ നിലയിൽ.

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 13 -ാം വാർഡിൽ തുരുത്തിശേരി കൈതപ്പാടം മണ്ണിട്ടുനികത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകം. ഒരേക്കറോളം നിലമാണ് ഇതിനകം മണ്ണിട്ടുനികത്തിയത്.

ഗുണ്ടാസംഘടങ്ങളുടെ സംരക്ഷണയിൽ രാത്രിയിൽ ടിപ്പർ ലോറികളിലാണ് മണ്ണ് കൊണ്ടുവരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിലംനികത്തുന്നത് മഴക്കാലത്ത് ഇവിടെ കനത്ത വെള്ളക്കെട്ടിന് ഇടയാക്കുമെന്നാണ് ആശങ്ക. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നൽകിയ പരാതിയെത്തുടർന്ന് വില്ലേജ്, കൃഷിഭവൻ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തുടർനടപടിയില്ല. സമീപ പ്രദേശമായ കൽപ്പനഗർ ഭാഗത്തും അനധികൃത നിലംനികത്തൽ നടക്കുന്നുണ്ട്.

പാടം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.കെ.ടി.യു നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ ആർ.ഡി.ഒ അടിയന്തരമായി ഇടപെട്ട് മേൽനടപടി സ്വീകരിക്കണമെന്നും വാഹനങ്ങൾക്ക് സംരക്ഷണം നൽകുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്‌.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി പി.കെ. അജി ആവശ്യപ്പെട്ടു.