
തൃക്കാക്കര: തൃക്കാക്കര നഗരസഭാ ബസ് ടെർമിനൽ പ്രാരംഭ നടപടികളുടെ ഭാഗമായി നടത്താനൊരുങ്ങിയ സർവേ റവന്യൂ വിഭാഗം തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.നഗരസഭാ ഭരണ സമിതിയുടെ തീരുമാനപ്രകാരം ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഊരാളുങ്കലിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സർവേ നടപടികൾക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.റവന്യൂ ഭൂമിയിൽ അനുമതിയില്ലാതെ സർവേ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാക്കനാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ സുനിൽ,വില്ലേജ് അസി.അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സർവേ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു .ഊരാളുങ്കൽ ഉദ്യോഗസ്ഥർ സർവേ നടപടികൾ അവസാനിപ്പിച്ചു.
കൗൺസിൽ തീരുമാനമില്ലാതെ സർവേ നടത്തുന്നതിനെതിരെ എൽ.ഡി.എഫ് പാർലിമെറ്ററി പാർട്ടി നേതാവ് എം.കെ. ചന്ദ്രബാബു,കൗൺസിലർമാരായ കെ.എക്സ്. സൈമൺ,പി.സി. മനൂപ് എന്നിവർ രംഗത്തെത്തി.ചെയർപേഴ്സൺ കൗൺസിലിനെ നോക്കുകുത്തിയാക്കുന്നതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉളളംപളളി പ്രതിപക്ഷ കൗൺസിലർമാരുടെ ചർച്ച നടത്തി.വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് എൽ.ഡി.എഫ് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കു വെന്ന് അദ്ദേഹം ഉറപ്പ് നൽകി.സ്‌മാർട്ട്സിറ്റി ഉൾപ്പെടെയുളള വൻ പദ്ധതികൾ വരുന്നത് മുൻനിർത്തി കാക്കനാട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി ആവിഷ്കരിച്ചത്.
സർക്കാർ അനുമതിയില്ലാതെ റവന്യൂ ഭൂമിയിൽ കൈയേറ്റം അനുവദിക്കില്ല.നഗരസഭക്ക് പദ്ധതിനാൽ നടപ്പിലാക്കാൻ റവന്യൂ സ്ഥലം ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കുകയാണ് വേണ്ടത്.റവന്യൂ ഭൂമിയിൽ നഗരസഭാ അനധികൃതമായി നിർമ്മാണങ്ങൾ നടത്തിയാൽ നോട്ടീസ് നൽകുന്നതടക്കമുളള നടപടികൾ സ്വീകരിക്കും.
സുനിൽകുമാർ
കാക്കനാട് വില്ലേജ് ഓഫീസർ