വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ വടക്കൻ മേഖലയിൽ നാളുകളായി ശുദ്ധജല വിതരണം താറുമാറായിക്കിടക്കുകയാണ്. പള്ളിപ്പുറം, മുനമ്പം മേഖലയിലെ ജനങ്ങൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ചൊവ്വര പദ്ധതി പ്രകാരം ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് കുറവും വൈദ്യുതി തടസവുമാണ് കാരണമായി പറയുന്നത്. ഇത് പരിഹരിക്കാൻ ജലഅതോറിറ്റി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
പള്ളിപ്പുറത്ത് വിതരണം ചെയ്യുന്ന വെള്ളം വ്യാവസായികാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഗാർഹികാവശ്യങ്ങൾക്കുള്ള വെള്ളവും വ്യാവസായികാവശ്യങ്ങൾക്കുള്ള വെള്ളവും രണ്ട് ലൈനിലായി വിതരണം ചെയ്യണമെന്ന് ആവശ്യം ഉയരുന്നുണ്ട്. കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന് പള്ളിപ്പുറം റെസി. അപ്പെക്‌സ് കൗൺസിൽ സെക്രട്ടറി പി. കെ. ഭാസി ആവശ്യപ്പെട്ടു.