
കൊച്ചി: നടൻ ദിലീപടക്കം വധഗൂഢാലോചന കേസിലെ മൂന്ന് പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകൾ തന്ത്രപൂർവ്വം മാറ്റിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് മുമ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥർ നോട്ടീസ് നൽകി.
ദിലീപിന്റെയും അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാല് ഫോണുകൾ, സുരാജിന്റെ ഒരു ഫോൺ എന്നിവ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഇവ പക്ഷേ, മുമ്പ് ഉപയോഗിച്ചിരുന്നവ ആയിരുന്നില്ല.
മൂവരുടെയും ഒരുവർഷത്തെ ഫോൺകാൾ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഫോണുകളുടെ ഐ.എം.ഇ നമ്പറുകളും കണ്ടെത്തി. കൈമാറിയ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്. ചോദ്യം ചെയ്യലിനിടെയാണ് മൂവർക്കും നോട്ടീസ് നൽകിയത്. മൊബൈൽ മാറ്റിയതിനെക്കുറിച്ച് ആരാഞ്ഞെങ്കിലും വ്യക്തമായ ഉത്തരം ഇവർ നൽകിയില്ല.
ദിലീപിന്റെ മൊഴിയിൽ ഏറെ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ദിലീപിന്റെ സിനിമാ നിർമ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസിലെത്തി അനൂപുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. അനൂപിന് ബാലചന്ദ്രകുമാറുമായി സൗഹൃദമില്ലെന്നും കൂടിക്കാഴ്ച നടന്നിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ മൊഴി.
കേസിലെ പുതിയ സാക്ഷി, ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ആലപ്പുഴ സ്വദേശി ദാസൻ, ബാലചന്ദ്രകുമാറിന്റെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ മോഹനചന്ദ്രൻ നായർ ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷനുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച്.
തുടരന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് 28നു സമർപ്പിക്കാൻ വിചാരണക്കോടതി അന്വേഷണോദ്യോഗസ്ഥന് നിർദ്ദേശം നൽകി. അഡിഷണൽ സാക്ഷിയായി വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയ ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തിയുടെ സാക്ഷിവിസ്താരം എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതിയിൽ ഇന്നലെ തുടങ്ങി.
പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ച ഒമ്പതു രേഖകൾ ഇന്നലെ കോടതി പരിശോധിച്ചു. മൂന്നു സാക്ഷികൾക്കു സമൻസ് നൽകാനും നിർദ്ദേശിച്ചു. കേസ് 28നു വീണ്ടും പരിഗണിക്കും. അന്വേഷണോദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയും 28നു പരിഗണിക്കാൻ മാറ്റി.
ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പൾസർ സുനിയടക്കമുള്ള പ്രതികളെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ഹാജരാക്കിയിരുന്നില്ല. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ രാജിവച്ചതിനെത്തുടർന്ന് അഡി. പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാറാണ് ഹാജരായത്. പുതിയ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ അഭിഭാഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായി സൂചനയുണ്ട്.