
കൊച്ചി: പാലക്കാട് മമ്പുറത്ത് ആർ.എസ്.എസ് പ്രവർത്തകൻ എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പത്തു പ്രതികളും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കഴിഞ്ഞ നവംബർ 15നായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യത്താൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്നും ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സി.ബി.ഐക്കു വിടണമെന്നുമാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റിലായെന്ന് പൊലീസ് പറയുന്ന പ്രതികൾ കുറ്റകൃത്യത്തിൽ പങ്കെടുത്തവരല്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഇതു സംബന്ധിച്ച് സ്റ്റേറ്റ്മെന്റ് നൽകാൻ സർക്കാരിനോടു നിർദ്ദേശിച്ച ജസ്റ്റിസ് കെ. ഹരിപാൽ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.