കൊച്ചി: നമ്മുടെ രാജ്യം പരമാധികാര ജനാധിപത്യ രാജ്യമായി തുടരുന്നത് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ശക്തമായ അടിത്തറയുടെ പിൻബലത്തിലാണെന്ന് മന്ത്രി പി.രാജീവ്. രാജ്യത്തു ജനാധിപത്യം നിലനിൽക്കുന്നതു രാഷ്ട്രീയ ജനാധിപത്യത്തെക്കൂടി ആശ്രയിച്ചു കൊണ്ടാണ്ടെന്നും മന്ത്രി പറഞ്ഞു.

73ാമത് റിപ്പബ്ലിക് ദിനത്തിൽ കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ചടങ്ങിൽ എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന സെറിമോണിയൽ പരേഡിന് പ്രൊബേഷണറി ഐ.പി.എസ് ഓഫീസർ പോഷ് ബസ്മതാരി നേതൃത്വം നൽകി.

കുഫോസ് റിപ്പബ്‌ളിക് ദിനാഘോഷം

കുഫോസിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ പതാക ഉയർത്തി. എൻ.സി.സി കേഡറ്റുകൾ നടത്തിയ റിപ്പബ്‌ളിക് ദിന പരേഡിൽ വൈസ് ചാൻസലർ സല്യൂട്ട് സ്വീകരിച്ച് റിപ്പബ്‌ളിക് ദിന സന്ദേശം നൽകി. രജിസ്ട്രാർ ഡോ.ബി. മനോജ് കുമാർ, ഫിഷറീസ് ഡീൻ ഡോ.റോസിലിന്റ് ജോർജ് എന്നിവർ പങ്കെടുത്തു.

പോർട്ട് ട്രസ്റ്റിൽ ഡോ. ബീന എം.എസ് പതാക ഉയർത്തി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ചെയർപേഴ്‌സൺ ഡോ.എം.ബീന ദേശീയ പതാക ഉയർത്തി. സി.ഐ.എസ്.എഫ് സംഘം ഗാർഡ് ഒഫ് ഓണർ നൽകി. കെ. രാജേന്ദ്രൻ, ചീഫ് വിജിലൻസ് ഓഫീസർ, ക്യാപ്റ്റൻ ജോസഫ് ജെ. ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

രാജേന്ദ്ര മൈതാനി വൃത്തിയാക്കി

കാടു കയറിക്കിടന്ന രാജേന്ദ്ര മൈതാനിയിലെ മഹാത്മാഗാന്ധി പ്രതിമയും പരിസരവും റാക്കോയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, വൈറ്റില ഏരിയാ പ്രസിഡന്റ് കെ.കെ.വാമലോചനൻ, തൃപ്പൂണിത്തുറ ഏരിയ ജനറൽ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, ഇടപ്പള്ളി ഏരിയ പ്രസിഡന്ര് ജുവൽ ചെറിയാൻ, തേവര ഏരിയാ പ്രസിഡന്റ് കെ.അപ്പുകുട്ടൻ എന്നിവർ ചേർന്നാണ് വൃത്തിയാക്കിയത്.

ഐ.എൻ.ടി.യു.സി റിപ്പബ്ലിക് ദിനാഘോഷം

ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസ് അങ്കണത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ പതാക ഉയർത്തി. നേതാക്കളായ എ.എൽ.സക്കീർ ഹുസൈൻ, എം. ബാലചന്ദ്രൻ, എ.എം. ഷുക്കൂർ എന്നിവർ സംസാരിച്ചു.