
കുറുപ്പംപടി: പഴനി മല മുരുകന് നേർച്ചയായി വളർത്തിയ മുടിയിഴകൾ രണ്ടു വയസുകാരൻ അയാൻഷ് പ്രഭയ്ക്ക് നേടിക്കൊടുത്തത് റെക്കാഡ് മധുരം. കൊവിഡിൽ വഴിപാട് നീണ്ടു പോയെങ്കിലും മുടിയെത്തേടി കഴിഞ്ഞ ദിവസം റെക്കാഡ് തിളക്കമെത്തി.
വാഴക്കുളം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കുന്നുവഴി ചാലിക്കുടിയിൽ ഐനേഷ്, ഡയാന ദമ്പതികളുടെ മകൻ അയാൻഷ്പ്രഭ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലുമാണ് ഇടം നേടിയത്. രണ്ടു വയസ് പതിനൊന്ന് മാസം പ്രായമുള്ള കുട്ടികളുടെ കാറ്റഗറിയിൽ ഏഷ്യയിലെ ഏറ്റവുംനീളം കൂടിയ മുടിയുള്ള കൂട്ടിക്കുള്ള ആദ്യ റെക്കാഡാണ് കരസ്ഥമാക്കിയത്. 23.5 ഇഞ്ച് നീളമാണ് മുടിക്കുള്ളത്.
കുട്ടി ജനിക്കുന്നതിനു മുമ്പ് തന്നെ മാതാപിതാക്കൾ പഴനിക്ക് കൊണ്ടുപോയി മുടി മുറിക്കാം എന്ന് വഴിപാട് നേർന്നിരുന്നു. അതിനാൽ ജനിച്ചപ്പോൾ മുതൽ മുടി വെട്ടാതെ വളർത്തി. സാധാരണ ഒരു വയസ്സു കഴിഞ്ഞു മുടി പഴനിയിൽ പോയി മുറിക്കുകയാണ് പതിവ്. കൊവിഡ് മഹാമാരി മൂലം പഴനിക്ക് പോകാൻ സാധിക്കാതെ വരികയും മുടി വളർന്ന് നല്ല നീളം വയ്ക്കുകയും ചെയ്തു. പലരും മുടി മുറിച്ച് വഴിപാട് എടുത്തുവയ്ക്കാൻ പറഞ്ഞെങ്കിലും മാതാപിതാക്കൾ എത്ര വൈകിയാണെങ്കിലും വഴിപാട് നടത്തണം എന്ന് തന്നെ ഉറച്ച തീരുമാനം എടുത്തു. അതിനിടയിൽ ഒരു സുഹൃത്ത് വീട്ടിൽ വരികയും മോനെ കണ്ടപ്പോൾ ഇങ്ങനെയൊരു ആശയം പറയുകയും ചെയ്തു. ഉടനെതന്നെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും ഫോട്ടോയും വിവരങ്ങളും അയച്ചു. അവർ ഉടൻതന്നെ വെരിഫിക്കേഷൻ കാര്യങ്ങൾക്കുവേണ്ടി ഞങ്ങളെ ബന്ധപ്പെടുകയും ഡിസംബർ പതിനാലിന് ഡൽഹിയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടത്തുകയും തുടർന്ന് ഡിസംബർപതിനെട്ടിന് റെക്കാഡ് വിവരം അറിയിച്ചു. പത്തൊമ്പതാം തീയതി സർട്ടിഫിക്കറ്റ് ലഭിച്ചു.
പ്രഭാ ഗ്രൂപ്പ് ഒഫ് സൗണ്ട്സിന്റെ ചെയർമാനും വടക്കേ വാഴക്കുളം എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റുമായ എം.വി.പ്രഭാകരന്റെയും ലത പ്രഭാകരന്റെയും പേരക്കുട്ടിയാണ് അയാൻഷ്പ്രഭ .