ആലുവ: കൊതുകുനശീകരണം മുടക്കിയ ആലുവ നഗരസഭയുടെ നിഷേധാത്മക നയത്തിനെതിരെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി റിപ്പബ്ലിക് ദിനത്തിൽ കൊതുകുനശീകരണം സംഘടിപ്പിച്ചു. നഗരത്തിൽ കൊതുക് ശല്യം വർദ്ധിച്ചിട്ടും മരുന്ന് തളിക്കാതെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ മരുന്നുതളിച്ചാണ് പൗരാവകാശ സംരക്ഷണസമിതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാന മനുഷ്യാവകാശ കമീഷനിലും മുനിസിപ്പൽ ഡയറക്ടർക്കും പരാതി നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. വിഷയം നഗരസഭാ ഹെൽത്ത് സൂപ്രണ്ടിനെ അറിയിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു. സെക്രട്ടറി സാബു പരിയാരത്ത്, ഹനീഫ കുട്ടോത്ത്, പി.സി. നടരാജൻ, ബഷീർ പരിയാരത്ത്, മുസ്ഥഫ, സലീം, സിദ്ധീക്ക് എന്നിവർ നേതൃത്വം നൽകി.