e-pose

കൊച്ചി: ദിവസങ്ങൾക്ക് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണം മുടങ്ങി. ഇ- പോസ് മെഷീൻ തകരാറാണ് പ്രശ്നം. ഈ മാസം ഏഴ് മുതൽ 12 വരെ റേഷൻ വിതരണം പൂർണമായി മുടങ്ങിയിരുന്നു. ശേഷം ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകിട്ടുമായി സമയം പുനക്രമീകരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. പിന്നീട് സമയം ദീർഘിപ്പിക്കുകയും ചെയ്തു.

ഇന്നലെ മുതൽ പഴയതുപോലെ രാവിലെയും വൈകിട്ടും റേഷൻ വിതരണം ചെയ്യാമെന്ന് റേഷൻ കടകൾക്ക് നിർദേശം നൽകി. ഇത്തരത്തിൽ റേഷൻ വിതരണം ആരംഭിച്ചതോടെയാണ് തടസം നേരിട്ടത്. ജില്ലയിൽ എറണാകുളം, മൂവാറ്റുപുഴ, പിറവം തുടങ്ങി വിവിധയിടങ്ങളിൽ ഇ-പോസ് വീണ്ടും തകരാറിലായി. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെല്ലാം സമാന സ്ഥിതിയാണ്.

കാർഡ് നമ്പർ മെഷീനിൽ രേഖപ്പെടുത്തുമ്പോൾത്തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്‌ക്രീനിൽ തെളിയേണ്ടതാണ്. മിക്കയിടത്തും അതുണ്ടായില്ല. വൈ ഫൈ എടുത്തിട്ടുള്ള ചിലയിടങ്ങളിൽ മാത്രമാണ് പൂർണമായും സുഗമമായി വിതരണം നടന്നത്. സോഫ്‌റ്റ്‌വെയറിലും സെർവറിലും തകരാർ നേരിട്ടതാണ് പ്രശ്‌നമെന്നും തിരുവനന്തപുരത്തു നിന്നാണ് ഇത് പരിഹരിക്കേണ്ടതതെന്നുമാണ് അധികൃതരുടെ വിശദീകരണം.

 പലർക്കും വിരലടയാളം പതിപ്പിക്കാൻ പോലുമായില്ല.

 വിരലടയാളം രേഖപ്പെടുത്തിയവർക്കാകട്ടെ പ്രിന്റ് ലഭിച്ചില്ല.

 ഏറിയ ഇടങ്ങളിലും മെഷീനിലെ നെറ്റ് കണക്ട് ആയതുമില്ല.

മന്ത്രിക്ക് നിഷേധാത്മക സമീപനം: ജോണി നെല്ലൂർ
തകരാർ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മെഷീന്റെ തകരാർ ആറു മാസത്തിനിടെ എത്ര തവണയാണ് ഉണ്ടായത് എന്ന് സർക്കാർ തന്നെ ചിന്തിക്കണം. ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ, കപ്പാസിറ്റിയുള്ള മെഷീനുകൾ എന്നിവ സജ്ജമാക്കണം.

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്.

ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹി ജോണി നെല്ലൂർ