covid
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികളുടെ ചികത്സക്കായി തയ്യാറാക്കിയ സത്രം കോംപ്ലക്സ് പേവാർഡ് അടച്ചിട്ടിരിക്കുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാത്ത നഗരസഭ ഭരണസമിതിയുടെയും മാത്യൂ കുഴൽനാടൻ എം.എൽ.എയുടെയും നിലപാടിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സാസൗകര്യം വർദ്ധിപ്പിക്കുന്നതോടാെപ്പം സത്രം കോംപ്ലക്സ് പേവാർഡ് തുറന്ന് പ്രവർത്തിപ്പിക്കാനും നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.പി.രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് ആശുപത്രിയിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാതെ രോഗികളെ സംസ്ഥാന സർക്കാരിനെതിരാക്കുക എന്നതാണ് നഗരസഭ ഭരണസമിതിയും എം.എൽ.എയും സ്വീകരിക്കുന്ന നിലപാട്. കോൺഗ്രസ് നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതി നഗരസഭയുടെ പദ്ധതികളും മറ്റ് സംവിധാനങ്ങളും ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലല്ല നടപ്പാക്കുന്നത്. നഗരസഭ അടച്ചിട്ട സത്രം കോംപ്ലക്സ് പേവാർഡിൽ 28 ഓക്സിജൻ കിടക്കയും 16 സാധാരണ കിടക്കയുമുണ്ട്. മുമ്പ് ഇവിടെ കൊവിഡ് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. 2020 ഫെബ്രുവരിയിൽ ആശുപത്രി വികസനസമിതിയുടെ ആവശ്യപ്രകാരം കൊവിഡ് വാർഡ് തുടങ്ങാൻ എൽ.ഡി.എഫ് നഗരസഭാ കൗൺസിൽ സത്രം കോംപ്ലക്സ് പേ വാർഡ് വിട്ടുനൽകി. മൂന്നു ലക്ഷം രൂപ മുടക്കി സന്നദ്ധസംഘടനകളുടെ സഹായത്താൽ അറ്റകുറ്റപ്പണി നടത്തി അഞ്ചു ദിവസത്തിനകം പേവാർഡ് പ്രവർത്തനവും തുടങ്ങി. പിന്നീട് സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം, രോഗികളെ നിരീക്ഷിക്കാൻ സി.സി ടി വി, മൾട്ടി പാരാമീറ്റർ, മോണിറ്ററുകൾ, മറ്റ് ചികിത്സാ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചു. നാല് വെന്റിലേറ്റർ കിടക്കയുൾപ്പെടെ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ പേവാർഡിൽ അഞ്ച് മാസമായി പൊടിപിടിച്ച് കിടക്കുകയാണ്. എം.എൽ.എ ആശുപത്രി വികസനത്തിന് ഒരു പ്രാധാന്യം നൽകുന്നില്ല. ആശുപത്രിയിലെ വിവിധ വികസന പദ്ധതികളും സൗകര്യങ്ങളും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ എം.എൽ.എയും നഗരസഭയും തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് കെ. പി. രാമചന്ദ്രൻ അറിയിച്ചു.