പറവൂർ: തീരദേശ മേഖലയിൽ ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് വടക്കേക്കര പഞ്ചായത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾ ആലുവ പി.എച്ച് ഡിവിഷൻ ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ, വടക്കേക്കര സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകി. കുടിവെള്ള ഉപഭോക്താക്കളുടെ വർദ്ധനവിനനുസരിച്ച് പഞ്ചായത്തിലേക്ക് അനുവദിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നാണ് പ്രധാനആവശ്യം. വർഷങ്ങൾക്കുമുമ്പ് അനുവദിക്കപ്പെട്ട അളവിലുള്ള വെള്ളം മാത്രമാണ് ഇപ്പോഴും പഞ്ചായത്തിന് നൽകുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വടക്കേക്കര സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം പറവൂർ സബ് ഡിവിഷനിലേക്ക് മാറ്റണം. പറവൂരിൽനിന്ന് വടക്കേക്കരയിലേക്ക് വെള്ളം എത്തുന്ന പൈപ്പുകൾ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലാണ്. ഇവമാറ്റി പുതിയവ സ്ഥാപിക്കണം. ചൊവ്വരയിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് പറവൂരിലെ പമ്പിംഗ് സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്നതിന് ഉണ്ടാകുന്ന തടസങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. പഞ്ചായത്തിന്റെ അവസാനഭാഗത്തുവരെ വെള്ളം ലഭിക്കുന്ന വിധത്തിൽ വടക്കേക്കര സെക്ഷനിൽ നിന്നുള്ള പമ്പിംഗിൽ ക്രമീകരണം നടത്തണം. കാലാഹരണപ്പെട്ട പമ്പുസെറ്റുകൾമാറ്റി ശേഷികൂടിയ പമ്പുസെറ്റുകൾ സ്ഥാപിക്കണം. ചിറ്റാറ്റുകരയിലെ ഓവർഹെഡ് ടാങ്കിൽനിന്ന് അനുവദിക്കപ്പെട്ട പ്രദേശങ്ങളിലേക്കുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.