പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. പതിനൊന്നാം വാർഡിൽ പൂച്ചിറയിലെ മണ്ണ് ലേലം ചെയ്യണമെന്ന് കമ്മിറ്റി തീരുമാനം ഉള്ളപ്പോൾ അവധി ദിനത്തിൽ വൈസ് പ്രസിഡന്റ് സ്വന്തം സ്ഥലത്ത് മണ്ണ് കോരി ഇട്ടുവെന്നാരോപിച്ചും അതിൽ പ്രതിഷേധിച്ചുമാണ് എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് പഞ്ചായത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിന് പാർലമെന്റ് പാർട്ടി സെക്രട്ടറി എം.വി സാജു, പ്രിൻസ് ആന്റണി, സാംസൺ ജേക്കബ്, നവ്യ, എം. ബിന്ദു കൃഷ്ണകുമാർ, രമ്യ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുതുചിറ ശുചീകരിച്ചത് സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്നത് അവാസ്തവമായ പ്രസ്താവനകളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. ചിറ ശുചീകരിച്ചത് വഴി ഒരു രൂപ പോലും പഞ്ചായത്തിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ചെലവഴിച്ചിട്ടില്ല. ഒരുതരി മണ്ണുപോലും ഇവിടെനിന്ന് നീക്കം ചെയ്തിട്ടുമില്ല. ചിറയിൽനിന്ന് കോരിയെടുത്ത ഈ ചെളി നിറഞ്ഞ മണ്ണ് ലേലത്തിന് വയ്ക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതാണ്. മണ്ണിന്റെ അളവ് നിശ്ചയിച്ച് വില തിട്ടപ്പെടുത്തി ലേല നടപടികൾ നടത്തുവാൻ എൽ.എസ്.ജി.ഡി എ.ഇയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എ ഇ ഓഫിസിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചത് മൂലം ഓഫീസ് പ്രവർത്തനം സാധിക്കാത്തതിനാലാണ് ലേലനടപടി വൈകിയതെയന്നും മിനി ബാബു പറഞ്ഞു.