കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തിൽ ജലജീവൻ പദ്ധതിയുടെ കീഴിൽ 193.65 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ജലജീവൻ പദ്ധതിക്ക് സംസ്ഥാന ഹൈലെവൽ കമ്മിറ്റിയുടെ അംഗീകാരമാണ് ലഭിച്ചത്. ഇതിന് വേണ്ടി എം.എൽ.എ പഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു പദ്ധതികൾ ചർച്ച ചെയ്ത ശേഷം രൂപരേഖ തയ്യാറാക്കി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു സമർപ്പിച്ച് ചർച്ചകൾ നടത്തിയിരുന്നു.

ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ 34.9 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഈ പദ്ധതിക്ക് ആവശ്യമായ ജലസംഭരണിക്കുള്ള സ്ഥലം (20 സെന്റ്) ആവശ്യപ്പെട്ടു ജലവിഭവ വകുപ്പ് പഞ്ചായത്തിനു കത്ത് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെയും ജലവിഭവ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ജോയിന്റ് ഇൻസ്‌പെക്ഷൻ ഉൾപ്പെടെയുള്ളവ അടുത്ത ദിവസങ്ങളിൽ നടക്കും.
തിരുമാറാടി ഗ്രാമപഞ്ചായത്തിൽ 40.75 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. 9 ലക്ഷം ലിറ്റർ വരെ സംഭരണശേഷിയുള്ള ടാങ്ക് മണ്ഡലമലയിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെയും വകുപ്പുകളുടെ ജോയിന്റ് ഇൻസ്പെക്ഷൻ വരും ദിവസങ്ങളിൽ നടക്കും. ഉത്പാദന ശേഷി ഉറപ്പാക്കി കൊണ്ടും സംഭരണ ശേഷി വർദ്ധിപ്പിച്ചു കൊണ്ടും, കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ പൈപ്പ് ലൈനുകൾ പുന:സ്ഥാപിക്കാൻ വേണ്ടിയാണ് ജലജീവൻമിഷനിൽ ഉൾപ്പെടുത്തി പദ്ധതികൾക്ക് അനുമതി ലഭിച്ചത്. ഈ രണ്ടു സിംഗിൾ പഞ്ചായത്ത് പ്രോജക്ടുകൾക്ക് പുറമെ മൾട്ടി പഞ്ചായത്ത് പ്രോജക്ടായ മണീട്, മുളന്തുരുത്തി, എടയ്ക്കാട്ടുവായാൽ, അമ്പല്ലൂർ പദ്ധത്തിക്ക് 118 കോടി രൂപയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ശുദ്ധീകരണശാല മണീടായിരിക്കും. ഇവിടെ നിന്നും മറ്റ് പഞ്ചായത്തുകളിലേക്ക് ജലം നൽകുന്നതാണ്. മറ്റൊരു മൾട്ടി പഞ്ചായത്ത് പ്രോജക്ടായ രാമമംഗലം, പാമ്പാക്കുട പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളെ അമൃത് 2.0- കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നല്കിയിട്ടുണ്ട്. പിറവം നിയോജകമണ്ഡലത്തിൽ സമഗ്ര കുടിവെള്ള പദ്ധതികൾക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.

 ഇലഞ്ഞി പഞ്ചായത്തിന് - 34.9 കോടി രൂപ

 തിരുമാറാടി പഞ്ചായത്തിന് - 40.75 കോടി രൂപ