
അങ്കമാലി: കറുകുറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. എടക്കുന്ന്, ചീനി, പാലിശ്ശേരി, കരിപ്പാല എന്നീ ഭാഗങ്ങളിലാണ് പുലിയെ കണ്ടതായി പറയുന്നത്. പുലിയിറങ്ങിയതായി വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭയാശങ്കയിലാണ്. ചൊവ്വാഴ്ച രാത്രി ചീനി ഭാഗത്ത് പുലിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യം ഒരു കാറിന്റെ മുന്നിൽ റോഡ് വട്ടം മുറിച്ച് കടന്നുപോയി. യാത്രക്കാർ സമീപവാസിയായ പൈനാടത്ത് കൊരട്ടിക്കാരൻ ബൈജുവിന്റെ വീട്ടിൽ വിവരമറിയിച്ചു. അതിനുശേഷം രാത്രി
പത്തരയോടെ തേയ്ക്കാനത്ത് വർക്കിയുടെ വീട്ടിലെ വളർത്ത് നായയെ ഓടിക്കുന്നത് വീട്ടുകാർ കണ്ടു. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തി.
എൻ.സി.പി വാർഡ് അംഗം ടോണി പറപ്പിള്ളി അറിയിച്ചതനുസരിച്ച് അയ്യമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ രാത്രിയിൽ പട്രോളിംഗ് നടത്തി. പാലിശ്ശേരി എളംഞ്ചേരി മലയിൽ നേരത്തെ പുലിയെ കണ്ടിരുന്നു.അന്ന്
പാലിശ്ശേരിയിലെ പെട്രോൾ പമ്പിലെ സി.സി.ടി.വി കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഏഴാറ്റുമുഖം വനമേഖലയിൽ നിന്നാണ് ഈ ഭാഗത്ത് വന്യമൃഗങ്ങൾ എത്തുന്നത്. പുലിയാണോ പുലിപ്പൂച്ചയാണോ
നാട്ടിലിറങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി വനംവകുപ്പ് കാൽപ്പാടുകൾ ശേഖരിച്ചിട്ടുണ്ട്. എൻ.സി.പി. ഭാരവാഹികളായ എം.കെ.രാജീവ്, ഷിജോ തണ്ടേക്കാടൻ, സനൽ മൂലംകുടി, ജിമ്മി ജെയ്‌സൺ, നിഖിൽ ജോൺസൺ, അഖിൽ ജോൺസൺ എന്നിവർ പുലിയെ കണ്ട ചീനി ഭാഗത്ത് സന്ദർശനം നടത്തി.