തോപ്പുംപടി: ജനകീയാസൂത്രണ പദ്ധതി മൂന്നാംഘട്ട തുക 24 കോടി പേരിനുമാത്രമായെന്ന് ആരോപണം. രണ്ടുമാസം കൊണ്ട് നിർവഹണം പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 2021-22 ജനകീയാസൂത്രണ പദ്ധതിയുടെ മൂന്നാം ഘട്ട തുക അനുവദിച്ചപ്പോൾ 24 കോടി രൂപ അധികമായി ലഭിച്ചെങ്കിലും രണ്ടു മാസക്കാലം കൊണ്ട് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതുകൊണ്ട് പണം കൃത്യമായി ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉത്പാദന മേഖലയിൽ മാത്രമാണ് തുക വകയിരുത്താൻ കഴിയുന്നത് അതിൽ പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നിർവഹിക്കുന്നതിന് കുറഞ്ഞ സമയപരിധി മൂലം കഴിയാതെ വരുന്നു. അനുവദിച്ച തുക ചെലവാക്കിയില്ലെങ്കിൽ അടുത്ത വർഷത്തെ പദ്ധതി വിഹിതത്തിൽ കുറവ് വരും എന്നതുകൊണ്ട് ഏതെങ്കിലും തരത്തിൽ പണം ചെലവാക്കുന്നതിന് നഗരസഭ നിർബന്ധമാകുന്ന സാഹചര്യമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്.
പി.എം.എ.വൈ പദ്ധതി പോലെയുള്ള പാവപ്പെട്ട ആളുകൾക്ക് വീട് പണിയുന്നതിന് ഭവന നിർമ്മാണ പദ്ധതികൾക്ക് നിലവിൽ പണമില്ലാത്ത സാഹചര്യത്തിൽ കോടികൾ ഇത്തരത്തിൽ ചെലവാക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണ്. മൂന്നാംഘട്ട പദ്ധതി വിഹിതത്തിൽ അധികമായി ലഭിച്ച തുകയുടെ 25 ശതമാനം പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് വീട് പണിയുന്നതിന് പണം ചെലവാക്കുന്നതിന് സർക്കാർ ഉത്തരവ് നൽകണമെന്നും ഈ വിഷയത്തിൽ മേയർ സർക്കാരിനോട് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.