ചേരാനല്ലൂർ: ജീവകാരുണ്യപ്രവർത്തനങ്ങളിൽ ചേരാനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സേവനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി വി.എൻ.വാസവൻ. ബാങ്കിന്റെ ശതാബ്ദി മന്ദിരോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 19 ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകിയ ബാങ്ക് 9200 കുടുംബങ്ങൾക്ക് കൊവിഡ് കാലത്ത് സഹായമെത്തിച്ചതും ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം. ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ജി.സി.ഡി.എ. മുൻ ചെയർമാൻ സി.എൻ. മോഹനൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ജോയിന്റ് റജിസ്ട്രാർ സജീവ് കർത്ത, അസി. റജിസ്ട്രാർ കെ. ശ്രീലേഖ, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ഡയറക്ടർ സി. മണി, കൗൺസിലർ സി.എ. സക്കീർ, എം.രാജു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.ആർ.ഭരതൻ, സതീദേവി എന്നിവർ പ്രസംഗിച്ചു. സൗജന്യ ഫിസിയോ തെറാപ്പി സെന്റർ, സൂപ്പർമാർക്കറ്റ്, മെഡിക്കൽ സ്‌റ്റോർ, ഇ -സേവനകേന്ദ്രം എന്നിവ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.