photo
മുളവുകാട് ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ ടവർ ലൈൻ ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുളവുകാട് ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ തകർന്ന നിലയിലായ ടവർലൈൻ ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണത്തിനും അനുബന്ധ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നാടിന്റെ ദീർഘകാലത്തെ ആവശ്യമാണ് നടപ്പിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ കാലാകാലങ്ങളായി യാത്രയ്ക്ക് ആശ്രയിക്കുന്ന ജെട്ടി ശോച്യാവസ്ഥയിലായതോടെ വിദ്യാർത്ഥികളടക്കം പുഴയിൽ വീഴുന്നതുൾപ്പെടെ അപകടങ്ങൾ പതിവായിരുന്നു. ഈ ദുരവസ്ഥയ്ക്ക് ആറുമാസം കാലപരിധിയിൽ പൂർത്തിയാകുന്ന പുനരുദ്ധാരണ പദ്ധതിയോടെ വിരാമമാകും
എറണാകുളം, ചിറ്റൂർ, പിഴല, കടമക്കുടി, വരാപ്പുഴ എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് നിരവധിപേർ ആശ്രയിക്കുന്ന ടവർലൈൻജെട്ടി 30 ലക്ഷം രൂപ ചെലവിലാണ് പുനർനിർമ്മിക്കുന്നത്. ബീമും സ്ളാബും പൈലുകളും സ്ഥാപിക്കൽ, മേൽക്കൂര ട്രസ് ചെയ്യൽ, മൈൽഡ് സ്റ്റീൽ ഉപയോഗിച്ച് കൈവരി നിർമ്മാണം, നിലത്ത് ഗ്രാനൈറ്റ് വിരിക്കൽ, ബോട്ട് കെട്ടുന്നതിനുള്ള തൂണുകളുടെ നിർമ്മാണം, ബോട്ട് ജെട്ടിക്കു മുൻവശത്ത് ആഴംകൂട്ടൽ തുടങ്ങിയ പ്രവൃത്തികൾ പുനരുദ്ധാരണ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇൻലാൻഡ് നാവിഗേഷൻ ഫണ്ട് വിനിയോഗിക്കുന്ന പദ്ധതിയുടെ നിർവ്വഹണ ചുമതല ഇറിഗേഷൻ വകുപ്പിനാണ്.

ചടങ്ങിൽ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, ഇടപ്പള്ളി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വിവേക് ഹരിദാസ് എന്നിവർ സംസാരിച്ചു. ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ ടി. സന്ധ്യ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികൾ, അസിസ്റ്റന്റ് എൻജിനീയർ ഹാറൂൺ റഷീദ് എന്നിവർ പങ്കെടുത്തു.