വൈപ്പിൻ: മണ്ഡലത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊണ്ടുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടറിനും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിവേദനം നൽകിയിതിനെതുടർന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
നാൾക്കുനാൾ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന മണ്ഡലത്തിൽ നല്ലൊരുശതമാനം ആരോഗ്യപ്രവർത്തകരും രോഗബാധിതരാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നു. എം.എൽ.എയുടെ അപേക്ഷയിൽ തുടർനടപടികൾ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
ജനസാന്ദ്രത കൂടിയ പള്ളിപ്പുറത്തെ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് എം.എൽ.എ ആവശ്യപ്പെട്ടു. നിയമാനുസൃതം രണ്ടു ഡോക്ടർമാരെയാണ് എഫ്.എച്ച്.സിയിൽ നിയമിക്കാനാകുകയെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് ഉടൻ നടപടി നിർദ്ദേശിക്കാമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.