
കൊച്ചി: സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ പൊതുയോഗം വിളിച്ചു ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബോർഡംഗമായ മുൻ എം.എൽ.എ. ശിവദാസൻ നായരുൾപ്പെടെ നൽകിയ ഹർജി ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് തള്ളി. പൊതുയോഗം വിളിച്ചത് നിയമാനുസൃതമാണെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ അധികാരമുണ്ട്.
നേരത്തെ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ബഡ്‌ജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് രാജിവച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷം അംഗങ്ങൾ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് രജിസ്ട്രാർ പി.ബി.നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചു ചേർത്തത്.