gulam-nabi-azad

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ പ്രതിപക്ഷത്തുള്ള രണ്ടു പ്രമുഖ നേതാക്കൾക്ക് - ബുദ്ധദേവ് ഭട്ടാചാര്യയും ഗുലാംനബി ആസാദും - പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചതാണ് ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയം. ഭരണകക്ഷിയും പ്രധാനമന്ത്രിയും പ്രതിപക്ഷക്കാരോടു കാണിക്കുന്ന സഹിഷ്ണുതയുടെയും ഉദാരമനോഭാവത്തിന്റെയും ദൃഷ്ടാന്തമാണിതെന്ന് അവരോട് അടുപ്പമുള്ള മാദ്ധ്യമങ്ങളും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇതിന്റെ പിറകിൽ സമർത്ഥമായ രാഷ്ട്രീയ കൗശലമാണെന്ന് എതിരാളികൾ ആരോപിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി പുലർത്തുന്ന ഉന്നത ധാർമ്മിക സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് താൻ പത്മഭൂഷൺ നിരാകരിക്കുകയാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ അറിയിച്ചു കഴിഞ്ഞു. ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മൗനം സമ്മതമെന്നു കരുതാനേ നിവൃത്തിയുള്ളൂ. ബുദ്ധദേവിനെ വാഴ്‌ത്തിക്കൊണ്ടും ഗുലാം നബിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്തിക്കൊണ്ടും ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്നാൽ ഗുലാംനബിയെ അഭിനന്ദിച്ചുകൊണ്ട് കപിൽ സിബിൽ തിരിച്ചടിച്ചു.

പ്രതിപക്ഷ നേതാക്കളെ ആദരിക്കുന്ന കാര്യത്തിൽ തുലോം വിമുഖരായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മകൾ ഇന്ദിരാഗാന്ധിയും. കോൺഗ്രസ് അദ്ധ്യക്ഷപദം ഒഴിഞ്ഞശേഷം പുരുഷോത്തംദാസ് ഠണ്ഡനും (1961) രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഡോ. രാജേന്ദ്രപ്രസാദിനും (1962) ഭാരതരത്ന നൽകാനുള്ള മഹാമനസ്കത നെഹ്റു പ്രകടിപ്പിച്ചു. അതിനപ്പുറം പ്രതിപക്ഷത്തുള്ള ഒരു നേതാവിനെയും അദ്ദേഹം ദേശീയ ബഹുമതികൾക്ക് പരിഗണിക്കുകയുണ്ടായില്ല. ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്‌കർ പോലും അവഗണിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ നിലപാട് അതിലും കർക്കശമായിരുന്നു. ജയപ്രകാശ് നാരായണനെയോ ആചാര്യ കൃപലാനിയെയോ ആദരിക്കാൻ അവർ കൂട്ടാക്കിയില്ല. കാമരാജ് നാടാർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയതുപോലും സമർത്ഥമായ രാഷ്ട്രീയ കരുനീക്കം മാത്രമായിരുന്നു. പലപ്പോഴും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടാണ് ഭാരതരത്നമോ പത്മബഹുമതികളോ നൽകിയിരുന്നത്. സർക്കാരിനോട് ഒട്ടിനിൽക്കുന്നവരും സ്തുതിഗായകരുമായ സാഹിത്യകാരന്മാരെയും മറ്റു കലാകാരന്മാരെയും വിരമിച്ച രാഷ്ട്രീയ നേതാക്കളെയുമാണ് ഇത്തരം ബഹുമതികൾ തേടിയെത്താറ്. 1966 ൽ മന്നത്തു പത്മനാഭന് പത്മഭൂഷൺ നൽകി ആദരിച്ചതു തന്നെ ഒന്നാന്തരം ഉദാഹരണം. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ, സവർണ ജാഥയുടെ നായകൻ, സാമൂഹ്യപരിഷ്കർത്താവ്, വിദ്യാഭ്യാസ സംരംഭകൻ എന്നീ നിലകളിലൊക്കെ ആദരിക്കപ്പെടേണ്ടിയിരുന്ന ആൾ തന്നെയാണ് മന്നം. എന്നാൽ കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ നായകനെന്ന രീതിയിൽ 1960 ൽ പോലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. 1964 ആഗസ്റ്റ് അവസാനം മന്നത്തിന്റെ മുൻകൈയിലും ഒത്താശയിലും പതിനഞ്ച് എം.എൽ.എമാർ അന്നത്തെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സെപ്തംബർ ഒമ്പതിന് അവിശ്വാസ പ്രമേയം പാസായി. മുഖ്യമന്ത്രി ആർ.ശങ്കർ രാജിവെച്ചു. അതിനുശേഷം ഒക്ടോബർ പത്തിന് കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചതും മന്നമായിരുന്നു. 1965 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 25 സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞു. അങ്ങനെയൊരു സന്ദിഗ്ദ്ധാവസ്ഥയിലാണ് മന്നത്തപ്പനെ തിരിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകത കോൺഗ്രസ് ഹൈക്കമാൻഡിന് ബോദ്ധ്യപ്പെട്ടത്. അവർ അദ്ദേഹത്തെ വീണ്ടെടുക്കാൻ സമർത്ഥമായി കരുക്കൾനീക്കി. 1966 ജനുവരി 25 ന് മന്നത്തിന് പത്മഭൂഷൺ പ്രഖ്യാപിച്ചു. അക്കാലത്ത് പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ മഹാ അത്ഭുതങ്ങളായിരുന്നു. ഏതായാലും പത്മപുരസ്കാര ലബ്ധിയിൽ മന്നവും അനുയായികളും മതിമറന്ന് ആഹ്ളാദിക്കുകയും കോൺഗ്രസിനോട് അവർക്കുള്ള പകയും വിദ്വേഷവും അലിഞ്ഞു പോവുകയും ചെയ്തു. അചിരേണ മന്നത്തപ്പൻ താൻ സ്ഥാപിച്ച പാർട്ടിയെ തള്ളിപ്പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി പിരിച്ചുവിട്ട് മാതൃസംഘടനയിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആർ.ബാലകൃഷ്‌ണപിള്ളയും കെ. നാരായണക്കുറുപ്പും ഒഴികെ നായന്മാരായ മിക്കവാറും നേതാക്കൾ കേരള കോൺഗ്രസ് വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുവന്നു. 1967 ലെ തിരഞ്ഞെടുപ്പിൽ മന്നം കോൺഗ്രസിനു വേണ്ടി പ്രചാരവേല ചെയ്തു. ഫലം കേരള കോൺഗസ് അഞ്ചുസീറ്റിൽ ഒതുങ്ങി. അന്നത്തെ ഇടതു തരംഗത്തിൽ കോൺഗ്രസ് പാർട്ടിയും വലിയ പരാജയം ഏറ്റുവാങ്ങിയെന്നതു മറ്റൊരു കാര്യം. ഏതായാലും പത്മപുരസ്കാരങ്ങൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് ആ തിരഞ്ഞെടുപ്പ് തെളിയിച്ചു.

കോൺഗ്രസുകാരനാണെങ്കിലും നെഹ്റു - ഗാന്ധി കുടുംബ പാരമ്പര്യത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ച ഭരണാധികാരിയായിരുന്നു പി.വി. നരസിംഹറാവു. അദ്ദേഹം പ്രധാനമന്ത്രിയായ ആദ്യവർഷം തന്നെ (1991) രാജീവ് ഗാന്ധിക്ക് ഒപ്പം സർദാർ വല്ലഭായി പട്ടേലിനും മൊറാർജി ദേശായിക്കും ഭാരതരത്നം പ്രഖ്യാപിച്ചുകൊണ്ട് അതു തെളിയിച്ചു. 1992 ജനുവരിയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളായ അടൽബിഹാരി വാജ്പേയിക്കും ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനും പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചു. ബഹുമതികൾ പ്രഖ്യാപിക്കുന്നതിനു മുമ്പ് അതത് നേതാക്കളുടെ അനുവാദം ചോദിക്കാനുള്ള മര്യാദയും കാണിച്ചു. ഇ.എം.എസ് അത് നിരാകരിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ സിദ്ധാന്തവും നയവും പരിപാടിയും പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് എന്തെങ്കിലും ബിരുദമോ ബഹുമതിയോ സ്വീകരിക്കുന്നത് അനുചിതമാണെന്ന് അദ്ദേഹം കരുതി. അതേസമയം വാജ്പേയിക്ക് സങ്കോചമൊന്നും തോന്നിയില്ല. അദ്ദേഹം പത്മവിഭൂഷൺ സ്വീകരിക്കാമെന്ന് അറിയിച്ചു. യഥാകാലം ബഹുമതി പ്രഖ്യാപിക്കുകയും അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു. നരസിംഹറാവു എന്തുകൊണ്ട് വാജ്പേയിക്ക് പത്മവിഭൂഷൺ നൽകിയെന്ന ചോദ്യത്തിന് പലരും നൽകുന്ന ഉത്തരം അദ്ദേഹം സംഘപരിവാറിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും മൃദുസമീപനം പുലർത്തിയിരുന്ന ആളായിരുന്നു എന്നാണ്. എന്നാൽ അതിലപ്പുറം വലിയ രാഷ്ട്രീയ മാനങ്ങളുള്ള തീരുമാനമായിരുന്നു ആ പുരസ്കാര സമർപ്പണം. കാരണം അപ്പോഴേക്കും ബി.ജെ.പിയുടെ ഏറ്റവും പ്രധാന നേതാവ് എന്ന സ്ഥാനം വാജ്പേയിക്ക് നഷ്ടപ്പെട്ടിരുന്നു. 1989 ലും 1991 ലും ബി.ജെ.പിയെ വലിയ വിജയങ്ങളിലേക്ക് നയിച്ചത് ലാൽകൃഷ്ണ അദ്വാനിയായിരുന്നു. രാമജന്മഭൂമി വിഷയം ആളിക്കത്തിച്ചതും സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയതും അദ്വാനിയായിരുന്നു. അങ്ങനെ ഹിന്ദു ഹൃദയ സമ്രാട്ട് എന്ന പദവി കരസ്ഥമാക്കിയ അദ്വാനിക്കു മുമ്പിൽ ഒരുവേള വാജ്‌പേയി നിഷ്പ്രഭനായി. മാത്രമല്ല, അയോദ്ധ്യാ വിഷയത്തിലടക്കം പലകാര്യങ്ങളിലും അദ്വാനിയും വാജ്പേയിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യവും പരസ്യമായിരുന്നു. അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തിൽ വാജ്പേയിയെ ആദരിക്കുന്നതുവഴി അദ്വാനിയെ അല്പമൊന്നു താഴ്‌ത്തിക്കെട്ടാനും ഇവർ തമ്മിലുള്ള വിയോജിപ്പുകൾ രൂക്ഷമാക്കാനും കഴിയുമെന്ന് റാവു കരുതി. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. അദ്വാനിയും മുരളീ മനോഹർ ജോഷിയുമടക്കമുള്ള നേതാക്കൾ തത്സമയം അവിടെ സന്നിഹിതരായിരുന്നു. എന്നാൽ വാജ്പേയിയെ ആ പരിസരത്തെങ്ങും കണ്ടില്ല. പിന്നീട് അദ്ദേഹം ലോക്‌സഭയിൽ വികാര നിർഭരമായ ഒരു പ്രസംഗം നടത്തിയെന്നു മാത്രം. നരസിംഹറാവു സർക്കാരിന്റെ അവസാന കാലത്ത് ജെയിൻ ഹവാല വിവാദത്തിൽ ഉൾപ്പെട്ട അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയും അടൽ ബിഹാരി വാജ്പേയി വീണ്ടും പാർട്ടിയുടെ പരമോന്നത നേതാവായി ഉയർത്തപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. അങ്ങനെ അദ്ദേഹം പ്രധാനമന്ത്രിയാകാൻ വരെ അവസരം ലഭിച്ചു.

നരസിംഹറാവുവിന് ഭാരതരത്നം നൽകി കടംവീട്ടാൻ വാജ്പേയി തയ്യാറായില്ല. അപ്പോഴേക്കും നിരവധി അഴിമതി ആരോപണങ്ങളിൽപ്പെട്ട് റാവുവിന്റെ പ്രതിഛായ പാടേ മങ്ങിയിരുന്നു എന്നതും വസ്തുതയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനായ അമർത്യസെന്നിനും ആസാമിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഗോപിനാഥ് ബർദ്‌ലോയ്ക്കും ഭാരതരത്ന നൽകിക്കൊണ്ട് വാജ്പേയി ഹൃദയവിശാലത തെളിയിച്ചു. എന്നാൽ ഡോ. മൻമോഹൻ സിംഗ് പഴയ നെഹ്റു - ഗാന്ധി പാരമ്പര്യത്തിൽ ഉറച്ചുനിന്നു. നരസിംഹറാവുവിനെയോ വാജ്പേയിയെയോ ഏതെങ്കിലും തരത്തിൽ ആദരിക്കാൻ അദ്ദേഹത്തിന്റെ സർക്കാർ താത്‌പര്യപ്പെട്ടില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം വാജ്പേയിക്ക് ഭാരതരത്ന നൽകി ആദരിച്ചു (2015). മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജിയെയും അക്കൂട്ടത്തിൽ ആദരിച്ചു. ഭാരതരത്ന ലഭിക്കുമ്പോഴേക്കും വാജ്പേയിയുടെ ഓർമ്മശക്തി പാടേ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തിനു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നരസിംഹറാവുവിനും മൻമോഹൻസിംഗിനും ഭാരതരത്ന നൽകാവുന്നതേയുള്ളൂ. എന്നാൽ ഇപ്പോഴത്തെ സർക്കാരിൽ നിന്ന് അതു പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

എൽ.കെ. അദ്വാനിക്ക് ഭാരതരത്ന നൽകാൻ വൈമുഖ്യം കാണിക്കുന്ന നരേന്ദ്രമോദി 2018 -ാമാണ്ടിൽ എൻ.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷൺ നൽകിയെന്നതു കൗതുകകരമാണ്. ആജന്മ കോൺഗ്രസുകാരനും കടുത്ത ബി.ജെ.പി വിരുദ്ധനുമാണ് ശരത് പവാർ. പലതവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു, കേന്ദ്ര സർക്കാരിലും പ്രധാനവകുപ്പുകൾ കൈയാളിയ പാരമ്പര്യമുണ്ട് ; കുറച്ചുകാലം ലോക്‌സഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. അതേസമയം കൂറുമാറ്റത്താലും അഴിമതിയാരോപണങ്ങളാലും വളരെ കളങ്കിതമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന പാരമ്പര്യം. എന്നിരിക്കിലും അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിക്കണമെന്ന് മോദിക്ക് തോന്നി. ബി.ജെ.പി സർക്കാരിൽ നിന്ന് ഇത്തരമൊരു ബഹുമതി സ്വീകരിക്കുന്നതിൽ പവാറിന് അനൗചിത്യമൊന്നും തോന്നിയില്ല. എന്തുകൊണ്ടാവാം ശരത് പവാറിനെ ആദരിക്കാൻ നരേന്ദ്രമോദിക്കും ബി.ജെ.പി നേതൃത്വത്തിനും തോന്നിയത് ? യു.പി.എയുടെ ഭാഗമായി നിൽക്കുന്ന ഒരു പ്രമുഖനെ ആദരിക്കുന്നതിലൂടെ ആ മുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നു കരുതിയിരിക്കാം. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോണിയ ഗാന്ധിയുടെ വിദേശജന്മ പ്രശ്നം ഉയർത്തി കോൺഗ്രസിൽ പിളർപ്പുണ്ടാക്കിയ ആളാണ് ശരത് പവാർ. 2014 ൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിൽ ചേരാൻ ശിവസേന വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിൽ ദേവേന്ദ്ര ഫട്‌നാവിസിന് പുറത്തുനിന്ന് പിന്തുണ വാഗ്ദാനം ചെയ്ത പാരമ്പര്യവും പവാറിനുണ്ട്. തുടർന്നും ഇത്തരം സഹായ സഹകരണങ്ങൾ അദ്ദേഹത്തിൽ നിന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടാകാം.

ഇതുപോലുള്ള കണക്കുകൂട്ടലുകൾ തന്നെയാണ് ഇപ്പോഴത്തെ പുരസ്കാര പ്രഖ്യാപനത്തിലും ഉള്ളതെന്ന് വ്യക്തം. ഏറെക്കാലമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലാണ് ബുദ്ധദേവ് ഭട്ടാചാര്യ. അദ്ദേഹം പത്മഭൂഷൺ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ച് രാഷ്ട്രീയ പ്രത്യാഘാതം ഒന്നുമുണ്ടാവില്ല. കാരണം പശ്ചിമ ബംഗാളിൽ സി.പി.എം ക്ഷയോന്മുഖമായ അവസ്ഥയിലാണ്. ബുദ്ധദേവിനെ ആദരിക്കുന്നതിലൂടെ മാർക്സിസ്റ്റ് നേതൃത്വത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനും മമതാ ബാനർജിയെ ഈറ പിടിപ്പിക്കാനും സാധിക്കും. ഇടതുപക്ഷ രാഷ്ട്രീയത്തെ അതിശക്തമായി എതിർക്കുമ്പോഴും ബുദ്ധദേവിനെപ്പോലൊരു മുതിർന്ന നേതാവിനോടു ബഹുമാനമാണുള്ളതെന്ന് ബംഗാളികളെ ബോദ്ധ്യപ്പെടുത്താനും ഇതുപകരിക്കും. ബുദ്ധദേവിനൊപ്പം ഗുലാംനബിക്കും പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അതിന് മറ്റൊരു തലത്തിലും ന്യായീകരണം നൽകാവുന്നതാണ്. കോൺഗ്രസായാലും ഇടതുപക്ഷമായാലും കേന്ദ്രത്തിലെ ഭരണകക്ഷിക്ക് തുല്യപരിഗണനയാണെന്ന് വരുത്തിതീർക്കാൻ കഴിയും. രാഹുൽ ഗാന്ധിയോ‌ട് ഇടഞ്ഞു നിൽക്കുന്ന നേതാവാണ് ഗുലാം നബി ആസാദ്. അദ്ദേഹം ദീർഘകാലം കേന്ദ്രമന്ത്രിയും മൂന്നു വർഷം ജമ്മുകാശ്മീർ മുഖ്യമന്ത്രിയുമായിരുന്നയാളാണ്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയശേഷവും സംസ്ഥാനത്തു നിന്നുള്ള ഒരു ദേശീയ മുസ്ളിമിനെ ആദരിക്കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് നരേന്ദ്രമോദി നൽകുന്നത്. ആസാദിന് പുരസ്കാരം നൽകുന്നതിലൂടെ കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വത്തെ അങ്കലാപ്പിലാക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. അദ്ദേഹം രാജ്യസഭയിൽ നിന്ന് വിടവാങ്ങിയപ്പോൾ മോദി നടത്തിയ വികാരനിർഭരമായ പ്രസംഗവും അതിന് ആസാദ് നൽകിയ മറുപടിയും മറക്കാറായിട്ടില്ല. അമരീന്ദർ സിംഗിനെപ്പോലെ ഭാവിയിൽ ഗുലാം നബി ആസാദും ബി.ജെ.പിയുടെ ചിറകിൻ കീഴിൽ അഭയം കണ്ടെത്താൻ സാദ്ധ്യതയുണ്ട്. ഇനി ബി.ജെ.പിയോടു കൂട്ടുചേർന്നില്ലെങ്കിൽ പോലും കോൺഗ്രസ് പാർട്ടിയിൽ അനതിവിദൂര ഭാവിയിൽ ഒരു പിളർപ്പ് പ്രതീക്ഷിക്കുന്നവരുണ്ട്. കോൺഗ്രസ് മുക്ത ഭാരതമാണ് മോദിയുടെയും ബി.ജെ.പിയുടെയും പ്രഖ്യാപിത ലക്ഷ്യം. അതിലേക്കുള്ള ചുവടുവയ്‌പ്പാണ് ഗുലാം നബിക്കുള്ള പത്മഭൂഷൺ പുരസ്കാരം. അതുകൊണ്ടുതന്നെയാണ് ജയറാം രമേശിനെപ്പോലെയുള്ള രാഹുൽപക്ഷ നേതാക്കൾ ഈ പുരസ്കാരത്തെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതും. രാഷ്ട്രീയകളികൾ പത്മപുരസ്കാരത്തോടെ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് ചെയ്തിട്ടുള്ളത്.