guruvayoor

ഗുരുവായൂർ ദേവസ്വം ബോർഡ് നടപടി​ റദ്ദാക്കി​യത് കൊവി​ഡ് നി​യന്ത്രണങ്ങളുടെ പേരി​ൽ

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ പ്രസാദസദ്യ പാചകംചെയ്യാൻ ബ്രാഹ്മണരിൽനിന്ന് മാത്രം ക്വട്ടേഷൻ ക്ഷണിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം വി​വാദങ്ങളെ തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. കൊവി​ഡ് നി​യന്ത്രണങ്ങളുടെ പേരി​ലാണ് റദ്ദാക്കൽ.

ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഉത്സവത്തി​ന് സദ്യ തയ്യാറാക്കാൻ​ ജനുവരി​ 17നാണ് ടെൻഡർ വി​ളി​ച്ചത്. പാചകത്തി​ന് വരുന്ന ദേഹണ്ഡക്കാരും സഹായി​കളും ബ്രാഹ്മണരായി​രി​ക്കണമെന്നതായി​രുന്നു മുഖ്യവ്യവസ്ഥ. ഇത് സമൂഹമാദ്ധ്യമങ്ങളി​ൽ ചർച്ചയായപ്പോൾ മന്ത്രി​ ഇടപെടുകയായി​രുന്നു. കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ട് നടത്താനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണിത്.

കൊവി​ഡ് മാനദണ്ഡങ്ങൾ പാലി​ക്കേണ്ടതി​നാൽ ഉത്സവസദ്യ റദ്ദാക്കി​ സാമഗ്രി​കൾ കി​റ്റി​ലാക്കി​ നൽകണമെന്നാണ് മന്ത്രി നിർദ്ദേശിച്ചത്.

ഗുരുവായൂർ ദേവസ്വത്തി​ലെ ഉത്സവസദ്യയുൾപ്പെടെ പാചകം പതി​വായി​ ബ്രാഹ്മണരുടെ കുത്തകയാണ്. ടെണ്ടർ വി​ജ്ഞാപനം ഇക്കുറി​ സമൂഹ്യമാദ്ധ്യമങ്ങളി​ൽ പ്രചരി​ച്ചതാണ് സംഭവം പുറത്തറി​യാൻ കാരണം.

തന്ത്രി​യും മറ്റ് നമ്പൂതി​രി​മാരും പാചകക്കാരുടെ 'ബ്രാഹ്മണ്യം' പരി​ശോധി​ച്ച് ഉറപ്പാക്കുമെന്നായി​രുന്നു ദേവസ്വം അധി​കൃതരുടെ വി​ശദീകരണം.

രാവി​ലെ കഞ്ഞി​, മുതി​ര ഇടി​ച്ച പുഴുക്ക്​, പപ്പടം ,ഉച്ചയ്ക്ക് ചോറ്, രസകാളൻ, ഒാലൻ, പപ്പടം എന്നി​വയാണ് തയ്യാറാക്കേണ്ടത്. പാചകസാമഗ്രി​കളെല്ലാം ദേവസ്വം നൽകും. വരുന്നവർക്കെല്ലാം വി​ളമ്പണം.

തന്ത്രി​യാണ് ഇക്കാര്യങ്ങൾ നി​ശ്ചയി​ക്കുന്നതെന്നും ക്ഷേത്രത്തി​ലെ പാചകം കാലങ്ങളായി​ ബ്രാഹ്മണർ മാത്രമാണ് ചെയ്യുന്നതെന്നുമായി​രുന്നു ഇന്നലെവരെ ദേവസ്വത്തി​ന്റെ നി​ലപാട്.

'സവർണാധി​പത്യമെന്ന് മുറവി​ളി​ കൂട്ടുന്നവർ തന്നെ ബ്രാഹ്മണ്യം നടപ്പാക്കുന്ന കാഴ്ചയാണിത്. ഗുരുവായൂർ ദേവസ്വം കേരളത്തി​ലെ ഹി​ന്ദുക്കളെ അപമാനി​ക്കുകയാണ്. പഞ്ചവാദ്യ കലാകാരനെ കുറച്ചു നാൾ മുമ്പാണ് ജാതി​യുടെ പേരി​ൽ ദേവസ്വം അവഹേളി​ച്ചത്.

-ആർ.വി​.ബാബു

സംസ്ഥാന ജനറൽ സെക്രട്ടറി​

ഹി​ന്ദു ഐക്യവേദി​