
കൊച്ചി : ബ്രഹ്മപുരത്തെ നിലവിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പ് പുതിയ കമ്പനിക്ക് കൈമാറാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. ഘടകകക്ഷിയായ സി.പി.ഐ വീണ്ടും എതിർപ്പുമായി രംഗത്തെത്തിയതോടെ ഇക്കാര്യം ആരോഗ്യസമിതിയുടെ പരിഗണനയ്ക്ക് വിടാൻ മേയർ എം.അനിൽകുമാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.
പ്ളാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ഫയൽ ഭരണസമിതി തട്ടിക്കളിക്കാൻ തുടങ്ങിയിട്ട് എട്ടു മാസമായി. പത്തു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മേയർ പ്രഖ്യാപിച്ച ഫയലിനാണ് ദുർഗതി .
വർഷങ്ങളായി ഒരേ കമ്പനിയാണ് ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നടത്തുന്നത്. പുതിയ കമ്പനിയുമായുള്ള കരാർ നിലവിൽ വന്നാൽ മാത്രമേ കോർപ്പറേഷനു പഴയ കമ്പനിയെ ഒഴിവാക്കാനാകൂ. നിശ്ചിത കാലാവധി രേഖപ്പെടുത്താതെ 'പുതിയ ടെൻഡർ നൽകുന്നതു വരെ' എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണു 2014ൽ കരാർ നൽകിയത്. ഈ കരാറിനു നിയമ പ്രാബല്യമില്ലെന്നു ചൂണ്ടിക്കാണിച്ചു 2018–19 വർഷം ചെലവഴിച്ച 4.23 കോടി രൂപയ്ക്ക് ഓഡിറ്റ് വിഭാഗം അനുമതി നൽകിയിട്ടില്ല. ഇതേതുടർന്ന് പ്ളാന്റ് നടത്തിപ്പിനായി കഴിഞ്ഞ മേയ് അഞ്ചിന് പുതിയ ടെൻഡർ വിളിച്ചു. നാലു കമ്പനികൾ പങ്കെടുത്തു.
ഫിനാൻഷ്യൽ
ബിഡ് തുറന്നു
സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന ഒറ്റ കമ്പനിക്കു മാത്രമാണ് സാങ്കേതിക യോഗ്യതയുള്ളതായി കണ്ടെത്തിയത്. ടെക്നോ ഗ്രൂപ്പ് എന്ന കമ്പനിയുമായി സ്റ്റാർ കൺസ്ട്രക്ഷൻസ് സംയുക്ത പങ്കാളിത്ത കരാറിലുമെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരു കമ്പനികളുടെയും പ്രവൃത്തി പരിചയം യോഗ്യതയ്ക്കായി പരിഗണിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ഫിനാൻഷ്യൽ ബിഡ് തുറന്നു. കൗൺസിലിന്റെ അനുമതി കൂടി ലഭിച്ചാൽ പുതിയ കമ്പനിയുമായി കരാർ നടപടികളിലേക്കു കോർപ്പറേഷൻ കടക്കും.
പുതിയ കമ്പനി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ചാണ് സി.പി.ഐ വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബർ 20 ന് ചേർന്ന കൗൺസിൽ യോഗത്തിൽ സി.പി.ഐ കൗൺസിലർ സി.എ. ഷക്കീർ ഇതേ വാദം ഉന്നയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതാഘടനയിൽ ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്തും അന്ന് സംശയം പ്രകടിപ്പിച്ചു.
സി.പി. ഐയുടെ നിലപാടിൽ ദുരൂഹതയുണ്ട്. പ്ളാന്റ് നടത്തിപ്പിന്റെ ചുമതല എത്രയും പെട്ടെന്ന് പുതിയ കമ്പനിക്ക് കൈമാറണം.
ദീപ്തി മേരി വർഗീസ്
കൗൺസിലർ
ബ്രഹ്മപുരത്ത് ഒരു ദിവസം സംസ്കരിക്കുന്നത്: 220 ടൺ മാലിന്യം
നിലവിലുള്ള കരാറുകാരൻ ഈടാക്കുന്നത്: ഒരു ടണ്ണിന് 550 രൂപ
ടെക്നോസ്റ്റാറിന്റെ നിരക്ക് : 492 രൂപ
ഈവകയിൽ കഴിഞ്ഞ എട്ടു മാസം കോർപ്പറേഷനുണ്ടായ നഷ്ടം: 32 ലക്ഷം രൂപ