
കൊച്ചി:നടൻ ദിലീപ് ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കമുള്ള വിവരങ്ങൾ ഫോണിലുണ്ടെന്നും ഇത് ആവശ്യപ്പെടുന്നന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകൻ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നയുടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോൺ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷൻ.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോൺ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ നൽകിയ ഉപ ഹർജിയിലാണ് ഈ വാദങ്ങൾ. ഫോണുകൾ കൈമാറണമെന്നും ഇതിൽ ഭയക്കുന്നതെന്തിനെന്നും ഹർജി പരിഗണിച്ചപ്പോൾ തന്നെ കോടതി വാക്കാൽ ചോദിച്ചു.
ദിലീപിന്റെ നാല് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള തൃശൂരിൽ മറ്റൊരു കേസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസോസിയേറ്റ്സിലെ മറ്റൊരു അഭിഭാഷകനാണ് ഹാജരായത്.
 ദിലീപിന്റെ വാദം
ഫോണിലെ വിവരങ്ങൾ ഉപയോഗിച്ച് അന്വേഷണസംഘം കെട്ടുകഥകളുണ്ടാക്കുന്നത് തടയാനാണ് ഫോറൻസിക് പരിശോധനയ്ക്ക് നൽകിയത്. ഏപ്രിലിൽ ബാലചന്ദ്രകുമാർ വിളിച്ചതും ഭീഷണിപ്പെടുത്തിയതും ഇതിലുണ്ട്. ഇതെല്ലാം അന്വേഷണസംഘം നശിപ്പിക്കും. പ്രതിയോട് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകാൻ അന്വേഷണസംഘത്തിന് കഴിയില്ല. സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമാണത്. നടിയെ ആക്രമിച്ച കേസിൽ മുൻ ഭാര്യയുടെ സന്ദേശങ്ങളും കോളുകളും അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കോടതി വിചാരണയല്ല, മാദ്ധ്യമവിചാരണയാണ് നേരിടുന്നത്. വിചിത്രമായ ഈ വിചാരണയിൽ ഇവയൊക്കെ ചർച്ചയാകും. അന്വേഷണസംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുമെന്ന് ഭയമുണ്ട്.
 പ്രോസിക്യൂഷന്റെ വാദം
അന്വേഷണവുമായി സഹകരിക്കുന്നില്ല. ഫോണുകൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് അധികാരമുണ്ട്. ഫോണിലെ രേഖകൾ പരിശോധനയുടെ പേരിൽ നശിപ്പിച്ചാൽ ഗൂഢാലോചന തെളിയിക്കാനാവില്ല. 2017 -18 കാലത്ത് പ്രതികൾ ഉപയോഗിച്ച ഫോണുകൾ നിർണായക തെളിവുകളാണ്. അന്വേഷണസംഘത്തെ അപായപ്പെടുത്തുമെന്ന് പറഞ്ഞത് ശാപവാക്കാണെന്ന് പ്രതികൾ പറയുന്നു. ഇതിന് തുടർച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാണ്. കോടതി നൽകിയ സംരക്ഷണം നീക്കിയാൽ ഫോണുകൾ കണ്ടെടുക്കാം
 ഹൈക്കോടതി പറഞ്ഞത്
ഫോൺ ചോദിക്കുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന വാദം ക്രിമിനൽ കേസുകളിൽ ഉന്നയിക്കാനാവില്ല. ഇത്തരം കേസുകളിൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാൻ ജാമ്യവ്യവസ്ഥയിൽ നിർദ്ദേശിക്കാറുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രഥമദൃഷ്ട്യാ ഒന്നുമില്ലെന്ന് വിലയിരുത്തിയാണ് കൂടുതൽ ചോദ്യംചെയ്യാൻ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥയോടെ ഇടക്കാല ഉത്തരവ് നൽകിയത്. അതിന്റെ പേരിൽ ആരോപണങ്ങൾ അന്വേഷിക്കരുതെന്ന് പറയാനാവില്ല. അന്വേഷണത്തെ കോടതിക്ക് നിയന്ത്രിക്കാനാവില്ല. അന്വേഷണം തടയാനുമാവില്ല. ഫോണുകൾ പരിശോധനയ്ക്ക് നൽകിയതിലൂടെ നിങ്ങൾ വലിയ റിസ്കാണെടുക്കുന്നത്. നിങ്ങൾക്ക് അനുകൂലമായ തെളിവുകളുണ്ടെന്ന് പറയുമ്പോൾ അത് പുറത്തുവന്ന് ആ തലവേദന തീരുന്നതല്ലേ നല്ലത്. ഫോണുകൾ എവിടെ പരിശോധനയ്ക്ക് നൽകണമെന്നതൊക്കെ ഇവിടെ തീരുമാനിക്കാം. ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കുമോ?
 മാർട്ടിന് ജാമ്യമില്ല
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യമില്ല. മാർട്ടിൻ ആന്റണി സുപ്രീം കോടതയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ.എസ്, ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വിചാരണ അന്തിമഘട്ടത്തിലാണെന്നും മാർട്ടിന് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. 15ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
എന്നാൽ വിചാരണ നടപടികൾ 15 ന് മുമ്പ് തീരാൻ സാദ്ധ്യതയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അലക്സ് ജോസഫ് വാദിച്ചു. അതേസമയം 15 നകം വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ ഫെബ്രുവരി അവസാനവാരം ഹർജി വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് ജാമ്യഹർജി കോടതി തീർപ്പാക്കിയത്. സംസ്ഥാന സർക്കാരിന് അഡ്വ.രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കോൺസൽ നിഷേരാജൻ ഷൊങ്കാർ എന്നിവർ ഹാജരായി.