najeeb

നെടുമ്പാശേരി: ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർത്ഥനകൾ വിഫലമാക്കി ഒന്നര മാസത്തെ ആശുപത്രി വാസത്തിനു ശേഷം നജീബ് യാത്രയായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെങ്ങമനാട് പനയക്കടവ് കക്കൂഴിപ്പറമ്പിൽ (പാറേപ്പറമ്പിൽ) വീട്ടിൽ പരേതനായ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകൻ പി.എം. നജീബാണ് (38) ഇന്നലെ പുലർച്ചെ 3.30ന് മരണത്തിന് കീഴടങ്ങിയത്.

കോൺഗ്രസ് ബൂത്ത് പ്രസിഡന്റും പനയക്കടവ് മഹല്ല് ജമാഅത്ത് കമ്മറ്റി ഭാരവാഹിയുമായിരുന്ന നജീബ് കലാ, കായിക, സാമൂഹിക, സംസ്‌കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസി ജീവിതം ഉപേക്ഷിച്ച് സ്വയം തൊഴിൽ പദ്ധതിയിൽ നിന്ന് വായ്പയെടുത്ത് വീടിനോട് ചേർന്ന് സോഡ നിർമ്മാണ യൂണിറ്റ് നടത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 15നാണ് മസ്തിഷ്‌ക്കാഘാതം സംഭവിക്കുന്നത്. ഉടൻ ഇടപ്പിള്ളി അമൃത ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടി വരുമെന്നറിയിച്ചതോടെ നാട്ടുകാർ ഒത്ത് ചേർന്ന് പണം കണ്ടെത്തി. എന്നാൽ ശസ്ത്രക്രിയ നടത്താൻ ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല.

ആലുവ എടയപ്പുറം മനക്കത്താഴം വീട്ടിൽ ഷംസുദ്ദീന്റെയും സൽമയുടെയും മകൾ ഷംല മോളാണ് നജീബിന്റെ ഭാര്യ.
മക്കൾ: മുഹമ്മദ് ഷെഹ്‌സാദ് (10), മുഹമ്മദ് ഫർഹാൻ (ഏഴ്), മുഹമ്മദ് ഹംദാൻ (നാല്).