 
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മലേറിയ മുക്തമായി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായാണ് മലേറിയ നിവാരണ പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദ്ദേശാനുസരണം, വാർഡുതലം മുതൽ ബ്ലോക്ക് പഞ്ചായത്തുതലം വരെ പ്രത്യേക ഫീൽഡ് സർവേ, അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിലും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ഭവനങ്ങളിലും പ്രത്യേക രക്തസാമ്പിൾ പരിശോധന, കൊതുകു സാന്ദ്രതാ പഠനം, വകുപ്പുതല ഏകോപനം, പരിശീലന ക്ലാസ്സുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് തദ്ദേശീയമായ മലമ്പനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബ്ലോക്ക് പഞ്ചായത്തിന്റ പരിധിയിലുള്ള എട്ടു ഗ്രാമ പഞ്ചായത്തുകളും മലേറിയ മുക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായും മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.ജോർജ്ജ് കെ.എ അറിയിച്ചിരുന്നു. ഇതനുസരിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മലേറിയ മുക്തമായതായി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൽ പ്രഖ്യാപിച്ചു. കൊവിഡ് മാനദണ്ഡമനുസരിച്ച് ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ബെസ്റ്റിൻ ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എ ജോർജ്ജ് , ഹെൽത്ത് സൂപ്പർവൈസർ എം.കെ. ഹസൈനാർ , പബ്ലിക് ഹെൽത്ത് നേഴ്സ് ആർ. ഉഷാകുമാരി എന്നിവർ സംസാരിച്ചു.