കൊച്ചി: വടുതലയിലെ നിർദ്ദിഷ്ട റിംഗ് റോഡ് പദ്ധതിയ്ക്കായി പ്രദേശവാസികളും സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയും പുതിയ ജി.സി.ഡി.എ ചെയർമാനെ സമീപിക്കാനൊരുങ്ങുന്നു. നിലവിൽ വടുതല ഭാഗത്ത് റിംഗ് റോഡിന്റെ അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്ത് രേഖകൾ ഇല്ലാതെ താമസിക്കുന്നവ‌ർക്ക് പട്ടയം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ മുടങ്ങിക്കിടക്കുന്നത്. സ്ഥലത്തിന് പകരം സ്ഥലം, സ്ഥലത്തിന് വില, സ്ഥലവാസികളെ ഒറ്റയ്‌ക്കോ, കൂട്ടമായോ പുനരധിവസിപ്പിക്കാനുള്ള സൗകര്യം എന്നിവയെല്ലാം വിലങ്ങുതടിയായി. ഇവയെല്ലാം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുമായി കൂടിക്കാഴ്ച്ച.

 പദ്ധതി ഇങ്ങനെ

മറൈൻഡ്രൈവിൽ നിന്ന് തുടങ്ങി കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപുകളെ ബന്ധിപ്പിച്ച് വരാപ്പുഴ, ആലങ്ങാട്, നെടുമ്പാശ്ശേരി വിമാനത്താവളം, പുത്തൻകുരിശ്, ചോറ്റാനിക്കര, മുളന്തുരുത്തി, ഉദയംപേരൂർ വഴി കുമ്പളം നഗരത്തിന്റെ തെക്ക് ഭാഗത്ത് എത്തിച്ചേരുന്നതും, കണ്ടെയ്‌നർ റോഡ്, എൻ.എച്ച് 66, എൻ.എച്ച് 47 , എൻ.എച്ച് 49 എന്നീഹൈവേകളെ ബന്ധിപ്പിച്ച് കടന്ന് പോകുന്നതുമായ 64 കി.മീ റോഡ് പദ്ധതിയാണിത്.

 ഡി.പി.ആ‌‌ർ ഭേദഗതിയോടെ പദ്ധതി

മറൈൻഡ്രൈവ് പദ്ധതിയുടെ തുടർച്ചയായി 2006 മുതൽ ജി.സി.ഡി.എയുടെ പദ്ധതിയിൽ ഇതുണ്ട്. എന്നാൽ, സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി മുടങ്ങി. മറൈൻഡ്രൈവിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലൂടെ കടന്ന് വരാപ്പുഴ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെ 9.50കി.മീ ഉള്ള ഒന്നാം ഘട്ടത്തിന്റെ ഡി.പി.ആർ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ആവശ്യപ്പെട്ട ഭേദഗതികളോടെ പാരിസ്ഥിതിക അനുമതിക്കായി തീരദേശ പരിപാലന അതോറിറ്റിക്ക് അയച്ചു. റോഡിനായി തീരദേശത്തെ ഭൂമി നികത്താൻ അനുവദിക്കാനാകില്ലെന്ന് കാട്ടി തിരിച്ചയച്ചു. തുടർന്ന് ഭേദഗതികളോടെ വീണ്ടും ഡി.പി.ആർ നൽകി സർക്കാർ അംഗീകാരം നേടി. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മുന്നോട്ട് പോകാൻ ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

 ചെലവ് ഉയരും

ഭേദഗതികളോടെ പദ്ധതി നടപ്പാക്കുമ്പോൾ നേരത്തെ പ്രതീക്ഷിച്ച 360കോടിയിൽ നിന്ന് 1,100കോടിയായി ചെലവ് ഉയരും. പ്രദേശത്ത് പട്ടയം ഇല്ലാതെ താമസിച്ചു വരുന്ന ഏകദേശം 167 കുടുംബങ്ങൾക്ക് അവിടെ തന്നെ ഫ്ളാറ്റ് നൽകി പുനരധിവസിപ്പിക്കാൻ ഉൾപ്പെടെയാണിത്. ജി.സി.ഡി.എയുടെ 2016-17ലെ വാർഷിക റിപ്പോർട്ടിൽ 500 കോടി രൂപ റിംഗ് റോഡ് ഒന്നാംഘട്ടത്തിനായി ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ കാര്യമായി ഒന്നും നടന്നില്ല. പിന്നീട്, വടുതല ഭാഗത്തെ കായൽ നികന്ന പ്രദേശത്ത് യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നവരുടെ പുനരധിവാസം വലിയ പ്രശ്‌നമായി ഉയർന്നുവരാൻ സാദ്ധ്യത ഉണ്ടെന്ന് അഭിപ്രായമുയർന്നു.


 റിംഗ് റോഡ് നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് ജനങ്ങൾക്ക് രക്ഷയേകുമെന്ന കാര്യത്തിൽ സംശയമില്ല. പദ്ധതി നടത്തിപ്പിന്റെ തുടർ നടപടികൾ എത്രയും വേഗം ആരംഭിക്കണം.
സന്തോഷ് ജേക്കബ്
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്ററി (സ്വാസ്)