മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പി.എച്ച്.സികളുടെ പ്രവർത്തനം പൂർണ്ണരൂപത്തിലാക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഘട്ടംഘട്ടമായി നിയോജക മണ്ഡലത്തിലെ 10 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. രാവിലെ മുതൽ വൈകിട്ട് 6 വരെ രോഗികൾക്ക് സേവനം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം വച്ചത് .ഇതിനായി ഡോക്ടർമാരുടെയും ഇതര ജീവനക്കാരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യവും ലാബ്, ഫാർമസി എന്നിവയുടെ ക്രമീകരണമുൾപ്പെടെ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ആശുപത്രികളെ ഒരുക്കുന്നതിനും തീരുമാനിച്ചിരുന്നു. പായിപ്ര ,കടവൂർ, പോത്താനിക്കാട്, പാലക്കുഴ, വാളകം,ആവോലി പി.എച്ച്.സി.കളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടന്നു. മഞ്ഞള്ളൂർ,ആവോലി, കല്ലൂർക്കാട്, മാറാടി ആയവന എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന് എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ച സാഹചര്യം കൂടി കണക്കാക്കി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത് ജോണിനെ എൽദോ എബ്രഹാം അറിയിച്ചു.