കളമശേരി: നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലർ റോസ് മേരി പയസിന്റെ വീടിന് മുന്നിലേക്ക് മാലിന്യം വലിച്ചെറിയുകയും കൗൺസിലറുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കളമശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാലിന്യം തള്ളിയതിന് പിഴയടക്കേണ്ടി വന്ന ദേഷ്യത്തിൽ സാമൂഹ്യ വിരുദ്ധർ ചെയ്തതാവാനാണ് സംശയമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വഴിയരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഈടാക്കുന്ന പ്രവർത്തനം സജീവമാണ്. ഇന്നലെ ഗ്ലാസ് ഫാക്ടറി റോഡിൽ നടന്ന പരിശോധനയിൽ മാലിന്യം തള്ളിയ ദുരൈ സ്വാമി (1000 ), കെ.എസ്.സനൽ (3000 ), നവീൻ ഷെറി (5000 ), അനുപ് ഷെറി ( 5000 ) എന്നിവരിൽ നിന്ന് പിഴ അടപ്പിച്ചു. പരിശോധന കർശനമാക്കി കടുത്ത പിഴ ഈടാക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടു പോകുമെന്ന് ചെയർപേഴ്സൺ സീമ കണ്ണൻ അറിയിച്ചു.