fg

കൊച്ചി: മൂന്നാംതരംഗത്തിൽ അടിതെറ്രിയ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖല. പല ബസുകളും ഷെഡിൽ കയറ്രിയിടാൻ ഒരുങ്ങുകയാണ് ഉടമകൾ. രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്നും കരകയറി വരുമാനം മെച്ചപ്പെട്ട് വരുന്നതിനിടയിലാണ് ഇടിത്തീയായി മൂന്നാംതരംഗം. നിലവിൽ ഡീസൽ അടിക്കാൻപോലും വരുമാനമില്ലാത്ത അവസ്ഥയിലാണ് പല ബസുകളും സർവീസ് നടത്തുന്നത്. ഇതുമൂലം പല ബസുകളും ഇന്നലെ ഉച്ചമുതൽ സ‌ർവീസ് നിറുത്തിയതായി ഉടമകൾ അറിയിച്ചു. ഇന്നലെ 11 മണിവരെ സർവീസ് നടത്തിയിട്ടും ഡീസൽ അടിക്കാൻ പോലും വരുമാനം ലഭിച്ചില്ല. ബസ് ജീവനക്കാർ കൂലിപോലും വാങ്ങാതെയാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇതിനിടയിൽ നികുതി അടയ്ക്കാനും പലരും കടംവാങ്ങി. കഴിഞ്ഞ മാസം 50 ശതമാനം പിഴയോടുകൂടിയാണ് പലരും നികുതി അടച്ച് തീർത്തത്. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് 25,000 മുതൽ 35,000 രൂപവരെയാണ് ബസുകളുടെ നികുതി.

 ജില്ലയിലെ ആകെ ബസുകൾ- 3000

നിലവിലെ വരുമാനം- 4000- 4500 രൂപ വരെ

മൂന്നാം തരംഗത്തിന് മുമ്പ്- 6000 രൂപ

 ബസുകൾ ഇറക്കിയത് ലക്ഷങ്ങൾ മുടക്കി

ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഷെഡിൽ കയറ്റിയിട്ട ബസുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ രണ്ടുലക്ഷം രൂപയോളം ചെലവായതായി ഉടമകൾ പറയുന്നു. ഇനിയും ഇത്രയും തുക ചെലവാക്കാനുള്ള വരുമാനമില്ല. സ്കൂളും കോളേജും ഒക്കെ തുറന്നപ്പോൾ പഴയ അവസ്ഥയിലേക്ക് എത്തിയതായിരുന്നു മേഖല. ഇപ്പോൾ വീണ്ടും പ്രതി​സന്ധി​യായി​. ഒരാൾ പോലും ഇല്ലാതെ സർവീസ് നടത്തേണ്ട അവസ്ഥയുണ്ടായെന്നും ബസ് ഉടമകൾ പറഞ്ഞു.

 സർക്കാരിൽ തീരെ വിശ്വാസം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തി. ഫെബ്രുവരി മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും അതുനടക്കുമെന്ന വിശ്വാസം നിലവിലില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. ചിലർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.

ബാലകൃഷ്ണൻ കുറുവത്ത്,

ജില്ലാ പ്രസിഡന്റ്,

കേരള ബസ് ട്രാൻസ്പോർ‌ട്ട് അസോസിയേഷൻ.