ansar
അൻസാർ

ആലുവ: കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട രണ്ടുപേരുടെ ജാമ്യംറദ്ദാക്കി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മാറമ്പിള്ളി എള്ളുവാരംവീട്ടിൽ അൻസാർ (31), നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനമോഷണക്കേസിൽ പ്രതിയായ വടക്കേക്കര ചിറ്റുട്ടുകര മലയിൽവീട്ടിൽ ആരോമൽ (21) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.

എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാറിന്റെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അൻസാറിന് ജാമ്യംലഭിച്ചിരുന്നു. ജാമ്യം നിലനിൽക്കേയാണ് മാറമ്പിള്ളിയിൽ കൊറിയർവഴി 30കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്ന കേസിൽ ഇയാൾ പ്രതിയായത്. തുടർന്നാണ് അൻസാറിനെ നടപടിക്ക് വിധേയനാക്കിയത്. വാഹനമോഷണക്കേസിൽ ജാമ്യംലഭിച്ച ആരോമൽ വടക്കേക്കരയിൽ വധശ്രമക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് ജാമ്യംറദ്ദാക്കിയത്.

അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എ.എസ്.ഐ കെ.ജി. ബാലചന്ദ്രൻ, എസ്.സി.പി.ഒ എസ്.ജി. പ്രഭ എന്നിവരാണ് ഉണ്ടായിരുന്നത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.