chira
നെടുചിറ

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് 15-ാം വാർഡ് സൗത്ത് മഴുവന്നൂരിലെ ഏക ശുദ്ധജല സ്രോതസ്സായ നെടുചിറ നാശത്തിന്റെ വക്കിൽ. സമീപത്തെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലേയ്ക്കും മ​റ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ചിറയാണ് ഇപ്പോൾ കാടുകയറി ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്നത്. സമീപത്തെ കൃഷി നിലച്ചതോടെ കുളിക്കടവുകൾ ഉൾപ്പടെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ചിറയെ ആരും ശ്രദ്ധിക്കാതെയായി. ഇതോടെ ചിറയിലേക്കുള്ള നീർച്ചാലുകൾ ഇല്ലാതാവുകയും കാലക്രമേണ ചെളിനിറഞ്ഞും ചു​റ്റും കൈതമുള്ള് വളർന്നും ജീർണ്ണതയിലേക്ക് അടുത്തു. ഒരേക്കറോളം വരുന്ന ചിറയിൽ വെള്ളംവറ്റി പായലും പുല്ലും നിറഞ്ഞു. ചിറയെ സംരക്ഷക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിൽ മാലിന്യസംഭരണിയായി മാറിയിരിക്കുകയാണ് ചിറ. സമീപ മേഖലകളിൽ നിന്നു വരെ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങളും കാറ്ററിംഗ് മാലിന്യങ്ങളും ചത്ത മൃഗങ്ങളെയടക്കം ചിറയിലേക്ക് വലിച്ചെറിയുന്നുണ്ട്. കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടയ്ക്ക് ചിറ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ശ്രദ്ധകൊടുക്കാതെ പ്രദേശത്തെ ഏ​റ്റവുംവലിയ ജലസംഭരണികൂടിയായ ചിറയെ മാറിവരുന്ന ഭരണകൂടങ്ങൾ അവഗണിച്ചതാണ് ഓരേക്കറോളം വിസ്തൃതിയിൽ പരന്നുകിടന്ന ചിറ നാശോന്മുഖമാകുവാൻ കാരണമെന്ന് കർഷകരും പറയുന്നത്.

ചിറയ്ക്ക് സംരക്ഷണഭിത്തികെട്ടി ചു​റ്റും നടപ്പാതകൾ തീർക്കുകയും പുല്ലും പായലും മാലിന്യങ്ങളും നീക്കംചെയ്ത് പഴയ കാലത്തിന്റെ പ്രൗഡിയിലേക്ക് ജലസ്രോതസിന്റെ ഉറവിടമായ നെടുചിറയെ കൊണ്ടുവരണമെന്നാണ് നാട്ടുകാരുട ആവശ്യം. ചിറ ഉപയോഗയോഗ്യമാക്കുകയാണെങ്കിൽ വേനൽക്കാലത്ത് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് സഹായകമാകും.

 സംരക്ഷണം കടലാസിൽമാത്രം

പാടശേഖരസമിതിയുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ഗ്രാമസഭകളിൽ പലപ്പോഴും നെടുചിറ ചർച്ചാവിഷയമായെങ്കിലും എഴുതിച്ചേർത്ത രേഖകളിൽമാത്രം വിഷയം ഒതുങ്ങിക്കൂടുകയായിരുന്നു. ചിറയുടെ ഓരങ്ങൾ ഇതിനോടകം പലരുടെയും കൈവശമായിക്കഴിഞ്ഞു. ബാക്കിയുള്ളത് സംരക്ഷിക്കാനുള്ള നടപടികൾ ഇനിയും സ്വികരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസായ ചിറയെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.