ആലുവ: എൻ.സി.പി ആലുവ ബ്ളോക്ക് കമ്മിറ്റിക്കായി കാസിനോ തീയറ്ററിന് സമീപം മാസങ്ങൾക്ക് മുമ്പ് തുറന്ന ഓഫീസിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സൂക്ഷിക്കുന്നതിനെതിരെ ബ്ളോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരമില്ല. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ മുൻകൈയ്യെടുത്ത് ഓഫീസ് തുറന്നതിനാൽ അദ്ദേഹത്തിന്റെ കൈവശമാണ് താക്കോൽ. അടുത്തിടെ സി.പി.ഐയിൽ നിന്നും മടങ്ങിയെത്തിയ പാർട്ടി ചുമതലകളില്ലാത്ത അസീസ് എടയപ്പുറത്തിന്റെ കൈവശവും ഒരു താക്കോൽ നൽകിയിട്ടുണ്ട്. ബ്ളോക്ക് പ്രസിഡന്റിന് ആവശ്യമുള്ളപ്പോൾ ജില്ലാ സെക്രട്ടറിയെ അറിയിച്ചാൽ അദ്ദേഹം ഓഫീസ് തുറക്കുന്നതിന് ഏർപ്പാടുണ്ടാക്കും. ഇതിനെതിരെയാണ് ജില്ലാ പ്രസിഡന്റിന് പരാതി നൽകിയത്.