തൃക്കാക്കര: കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡുകളിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണം നടത്താൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ പറയുന്ന പ്രദേശങ്ങളിലായിരിക്കണം ടാങ്കറുകളിൽ ജലവിതരണം നടത്തേണ്ടത്. വാട്ടർ അതോറിറ്റി പൈപ്പുകൾ മുഖേനയോ മറ്റേതെങ്കിലും പദ്ധതികൾ പ്രകാരമോ കുടിവെള്ളം വിതരണം ഇല്ലാത്ത പ്രദേശങ്ങളിലായിരിക്കണം വെള്ളമെത്തിക്കേണ്ടത്.
കുടിവെള്ള വിതരണം നടത്തുന്നതിനു ടാങ്കറുകളിൽ ജി.പി.എസ് സംവിധാനം വേണം. കൂടാതെ ടാങ്കറുകളിൽ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിൽ നിന്നും മാത്രം വിതരണത്തിനായി കുടിവെള്ളം ശേഖരിക്കേണ്ടതും പഞ്ചായത്തിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ വിശദംശങ്ങൾ വാട്ടർ അതോറിറ്റിക്കു നൽകുകയും വേണം.
കുടിവെള്ളം വിതരണം നടത്തുന്ന പ്രദേശങ്ങളിൽ ഓരോ ദിവസവും എത്ര ടാങ്കറിൽ കുടിവെളളം വിതരണം നടത്തി എന്നതു സംബന്ധിച്ചു വാഹന നമ്പർ, ഡ്രൈവറുടെ പേര്, വിതരണം ചെയ്ത വെള്ളത്തിന്റെ അളവ്, സമയം എന്നിവ പഞ്ചായത്തിൽ രജിസ്റ്ററിൽ സൂക്ഷിക്കണം. ടാങ്കർ ലോറികളുടെ വാടകയും, ഡ്രൈവർക്കുളള വേതനം, മറ്റു ചെലവുകൾ എന്നിവ പഞ്ചായത്തിലെ തനത് ഫണ്ടിൽ നിന്നും വഹിക്കണം. ജി.പി.എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ചു സുതാര്യത ഉറപ്പുവരുത്തിയശേഷം സെക്രട്ടറിമാർ ചെലവ് തുക വിനിയോഗിക്കണം.ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ചതും പഞ്ചായത്തിനു കൈമാറിയതുമായ വാട്ടർ കിയോസ്‌ക്കുകളുള്ള പക്ഷം കിയോസ്‌കുകൾ മുഖേന കുടിവെളളം വിതരണം നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.