കാലടി: കാലടി ശബരി റെയിൽവേ സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി മാറുന്നു. പത്ത് വർഷത്തിലധികമായി റയിൽവേ സ്റ്റേഷൻ പണി ഭാഗീകമായി പൂർത്തികരിച്ച് റെയിൽവേ പിൻവാങ്ങി. 30 വർഷം മുമ്പ് അങ്കമാലി ശബരിപാത റയിൽവേപ്പാത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. അങ്കമാലി മുതൽ കാലടി വരെയുള്ള ഭാഗം ഏറെക്കുറെ നിർമ്മിച്ചെങ്കിലും പണിതീരാത്ത കാലടി റയിൽവേ സ്റ്റേഷൻ ഇന്ന് കാടുമൂടിക്കിടക്കുകയാണ്.
ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും റയിൽവേ സ്റ്റേഷൻ പരിസരത്ത് ചിതറിക്കിടക്കുന്നത് സ്ഥിരംകാഴ്ചയാണ്. ലഹരി വസ്തുക്കളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും സ്റ്റേഷൻ പരിസരമാകെ ചിതറിക്കിടക്കുന്നുണ്ട്. പകൽ നാലു മണിയോടെ വിലയേറിയ കാറുകളിൽ എത്തുന്ന യുവാക്കൾ മദ്യസേവ നടത്തി പുലർച്ചെ പിരിഞ്ഞു പോകുന്നതായാണ് സമീപവാസികൾ പറയുന്നത്. അധികാരികൾ കണ്ണടയ്ക്കുന്നതായും അവർക്ക് ആക്ഷേപമുണ്ട്.