court

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ തുടരന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ വിചാരണക്കോടതി അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നതും ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തി മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകാനും അന്വേഷണസംഘത്തിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. നടൻ ദിലീപ് നൽകിയ രണ്ടു ഹർജികളും കോടതി ഫെബ്രുവരി ഒന്നിന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയുമാണ് ഇവ. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്നലെ വീണ്ടും വിസ്തരിച്ചു. പ്രോസിക്യൂഷൻ നേരത്തെ നൽകിയ അപേക്ഷയിൽ ഇവരെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസിലെ മറ്റൊരു അഡിഷണൽ സാക്ഷിക്ക് സമൻസ് നൽകാനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് എറണാകുളം റൂറൽ എസ്.പി മുഖേന സമൻസ് നൽകാൻ നിർദ്ദേശിച്ചു.