കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡ് കരാറുകാരനെ കണ്ടവരുണ്ടോ‌? കഴിഞ്ഞ ഒരാഴ്ചയായി മഷിയിട്ട് നോക്കിയിട്ട് പോലും ആളെക്കുറിച്ചൊരു വിവരവുമില്ല. നെല്ലാട് മുതൽ 1.14 കലോമീറ്റർ ദുരം അറ്റകുറ്റപ്പണി പകുതിയാക്കിയിട്ട് പിന്നെ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പണിക്കെത്തിച്ച മെഷിനുകൾ റോഡരുകിൽ തന്നെയുണ്ട്. ഇതു വരെ റോഡായിരുന്നു വാഹന വഴിയാത്രക്കാർക്ക് ഭീഷണിയെങ്കിൽ ഇപ്പോൾ കരാറുകാരന്റെ മെഷിനുകളും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വീതി കുറഞ്ഞ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന യന്ത്ര സാമഗ്രികളുടെ പല ഭാഗങ്ങളും റോഡിലേയ്ക്ക് തള്ളി നിൽക്കുന്നു. ഇവ തലയിലി‌ടിക്കാതെ കടന്നു പോകണമെങ്കിൽ ഭാഗ്യം വേണം.

കഴിഞ്ഞ പത്ത് വർഷമായി നരക യാതനകളാണ് ഈ വഴി ഇന്നാട്ടുകാർക്ക് സമ്മാനിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണി തു‌ടങ്ങിയപ്പോൾ ചെറിയ ആശ്വാസമായിരുന്നു. എന്നാൽ പണി നിലച്ചതോ‌ടെ ദുരിതം ഇരട്ടിയായി. കോടതി കയറിയിറങ്ങുന്ന റോഡ് രണ്ടു മാസം കൊണ്ട് പണി തീർക്കാമെന്നാണ് അന്ന് പൊതുമരുമത്ത് വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു. നിലവിൽ കൊവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ കുറവാണ് പണി നിർത്താൻ കാരണമെന്നാണ് കരാറുകാരന്റെ പക്ഷം.

പൊടി ശല്യം

രൂക്ഷം

റോഡിലെ വമ്പൻ കുഴികൾ ജെ.സി.ബി കൊണ്ട് കുത്തിയിളക്കി വെറ്റ്മികസ് നിരത്തിയതോടെ പൊടിശല്ല്യവും രൂക്ഷമായി. പ്രായമായവരും കൊച്ചുകുട്ടികളുമാണ് പൊടിമൂലം കഷ്ടപ്പെടുന്നത്. പ്രായമായ പലർക്കും ശ്വാസതടസം നേരിട്ടതോടെ ഇവരെ ബന്ധുവീടുകളിലേക്ക് മാ​റ്റി. കച്ചവടക്കാരും ദുരിതത്തിലാണ്.

പണ്ടേ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഈവഴി വാഹന ഗതാഗതം കുറവാണ്. വേനൽ കടുത്തതോടെ പലരും ഉച്ചയോടെ കടയടച്ച് വീട്ടിൽ പോവുകയാണ്. വെയിലൊതുങ്ങിയിട്ടാണ് വീണ്ടും തുറക്കുന്നത്. സ്വന്തം നിലയിൽ റോഡ് നനച്ച്‌കൊടുത്ത് പൊടിയൊതുക്കിയാണ് വൈകിട്ട് കച്ചവടം തുടരുന്നത്. കട പൂർണ്ണമായും തുറന്ന് വക്കാനും കഴിയില്ല. കടയ്ക്കുള്ളിലെ ഉത്പന്നങ്ങൾ നശിച്ച് പോകുന്നുണ്ട്.