തൃപ്പൂണിത്തുറ: പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മമാരുടെ നേരെ അജ്ഞാതന്റെ ആക്രമണം. ഇന്നലെ പുലർച്ചെ നാലരയോടെ നഗരമദ്ധ്യത്തിലെ പുതുശ്ശേരി റോഡിലാണ് സംഭവം. ഇവിടത്തെ താമസക്കാരും സഹോദരങ്ങളുമായ പാലയ്ക്കൽ പൗലോസിന്റെയും ജോയിയുടെയും ഭാര്യമാരായ റീത്ത(55),ഷൈനി(51) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീൻസും ഷർട്ടും ധരിച്ചയാൾ ഇവരുടെ പിന്നാലെയെത്തി അക്രമത്തിന് തുനിഞ്ഞതോടെ ഇരുവരും സ്വന്തം വീട്ടിലേയ്ക്ക് കയറി വാതിലടക്കുകയായിരുന്നു. അക്രമി പോയോ എന്നറിയുവാൻ ജനൽ പാളി തുറന്നപ്പോൾ പതുങ്ങിയിരുന്നയാൾ ജനൽ വഴി സ്ത്രീകളിലൊരാളുടെ ഷാളിൽ പിടിത്തമിട്ടു. ശബ്ദം കേട്ടെത്തിയ റീത്തയുടെ ഭർത്താവ് പൗലോസ് വാതിൽ തുറന്ന് പുറത്തിറങ്ങിയതോടെ സമീപത്ത് പതുങ്ങിയ അക്രമി പൗലോസിനെ മർദ്ദിക്കുകയും തള്ളി താഴെയിട്ട് വീണ്ടും വീടിനുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ബഹളം കേട്ട് ഷൈനിയുടെ ഭർത്താവ് ജോയിയും സമീപവാസികളുമെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാർ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾ മാനസിക രോഗിയാണോയെന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.