മൂവാറ്റുപുഴ: റാക്കാട് - കായനാട് ചെക്ക് ഡാം പ്രവർത്തന ക്ഷമമായതോടെ മൂവാറ്റുപുഴയാറിൽ വലിയ തോതിൽ എക്കൽ അടിഞ്ഞുകൂടി മൺത്തിട്ടകൾ രൂപം കൊള്ളുന്നു. പുഴക്കരക്കാവ് ക്ഷേത്രക്കടവിൽ നിന്ന് വാക് വേയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട മൺത്തിട്ടകൾക്ക് ഏഴടിയോളം ഉയരമുണ്ട്. ത്രിവേണി സംഗമം മുതൽ റാക്കാട് - കായനാട് ചെക്ക്ഡാം വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലത്താണ് മൺത്തിട്ടകളുള്ളത്. കാവുങ്കരഭാഗത്തും കിഴക്കേക്കര ഭാഗത്തുമായി വലിയ എക്കൽ മൺത്തിട്ടകൾ പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നു. ഇപ്രകാരം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന മണ്ണ് മുഴുവൻ ശക്തമായ അടിയൊഴുക്ക് ഇല്ലാത്തതിനാൽ പുഴയുടെ അടിയിലടിഞ്ഞ് പുഴ നികരുന്നത് അപകടകരമാണ്. മഴ ശക്തമാകുന്ന സമയങ്ങളിൽ നഗരത്തിൽ വെള്ളപ്പൊക്ക സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തിരമായി മൂവാറ്റുപുഴയാറിലെ എക്കൽ നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണം. ഭാവിയിൽ പുഴയിൽ എക്കൽ അടിഞ്ഞൂടാതിരിക്കുവാൻ ആവശ്യമായ കരുതൽ ഉണ്ടാകുകയും വേണം. പുഴയുടെ അടിയൊഴുക്കിലൂടെ തുടർച്ചയായ സ്വാഭാവിക ശുദ്ധീകരണം സാദ്ധ്യമാക്കുന്ന രീതിയിൽ മൂവാറ്റുപുഴയാറിനെ സംരക്ഷിക്കണം.

മൂവാറ്റുപുഴയാറിൽ എക്കൽ അടിഞ്ഞുകൂടി രൂപം കൊണ്ടിട്ടുള്ള മൺതിട്ടകൾ നീക്കം ചെയ്ത് പുഴയിലെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കി പെട്ടെന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നഗരവാസികളെ രക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ കുടിവെള്ള സ്രോതസിനെ സംരക്ഷിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ പ്രമോദ്കുമാർ മംഗലത്ത് ആവശ്യപ്പെട്ടു.