train
ആലുവ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് വാഗണുകൾ അപകടത്തിൽപ്പട്ടപ്പോൾ

ആലുവ: ആലുവയിൽ വ്യാഴാഴ്ച രാത്രി ഗുഡ്‌സ് ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്ന് എറണാകുളം - ആലുവ വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ഗുഡ്‌സ് ട്രെയിൻ ഇന്നലെ വൈകിട്ടോടെ പാളത്തിൽനിന്ന് മാറ്റി. ഇന്ന് ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.

സിമന്റുമായി വന്ന ഗുഡ്സ് ട്രെയിൻ ഗുഡ്സ് ഷെഡ്ഡിലേക്കുള്ള ട്രാക്കിലേക്ക് മാറുന്നതിനിടെ ആലുവ റെയിൽവേ സ്‌റ്റേഷൻെറ വടക്കുഭാഗത്തായി പ്ലാറ്റ്‌ഫോമിന് സമീപം രാത്രി 10. 50 ഓടെയാണ് അപകടം. മൂന്ന് വാഗണുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു വാഗൺ പാളംതെറ്റുകയും രണ്ടെണ്ണം ഭാഗികമായി മറിയുകയും ചെയ്തു. കേടായ ട്രാക്കുകൾ ഇന്നലെ വൈകിട്ടോടെ മാറ്റിസ്ഥാപിച്ചു. തുടർന്ന് പാളംതെറ്റിയ വാഗൺ തിരികെക്കയറ്റി. മറ്റ് രണ്ട് ബോഗികളും മുറിച്ചുനീക്കി. 30 മീറ്റർ വീതമാണ് ഇരു ട്രാക്കിലും തകരാറിലായത്. വാഗണുകളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ട്രെയിൻ എൻജിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച രാത്രിതന്നെ ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. പുലർച്ചെ 2.15 ഓടെ ഒരു പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

 അപകടകാരണം അന്വേഷിക്കും: ഡി.ആർ.എം

സംഭവത്തെക്കുറിച്ച് റെയിൽവേ ഗൗരവമായി അന്വേഷിക്കുമെന്ന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ആർ. മുകുന്ദ് അറിയിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ ആലുവയിലെത്തിയ ഡി.ആർ.എം വൈകിട്ടുവരെ തുടർനടപടികൾക്ക് നേതൃത്വം നൽകി. ഡിവിഷൻ സീനിയർ കൊമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദും ഒപ്പമുണ്ടായിരുന്നു.

 അഞ്ച് ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകി

ആലുവ: ഗുഡ്‌സ് ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്ന് ഇന്റർസിറ്റി അടക്കം അഞ്ച് ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, കോട്ടയം - നിലമ്പൂർ എക്‌സ്‌പ്രസ് , നിലമ്പൂർ - കോട്ടയം എക്‌സ്‌പ്രസ്, ഗുരുവായൂർ - എറണാകുളം എക്‌സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

വെള്ളിയാഴ്ച്ച പുലർച്ചെ പുനലൂർനിന്ന് പുറപ്പെട്ട ഗുരുവായൂർ എക്‌സ്‌പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്‌സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. പുറപ്പെടേണ്ട ഏതാനും ദീർഘദൂര ട്രെയിനുകൾ എറണാകുളത്തുനിന്ന് വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മുതൽ ആലുവവഴി പോകേണ്ട ട്രെയിനുകൾ അഞ്ച് മണിക്കൂർവരെ വൈകിയാണ് ഓടുന്നത്.

ആലുവയിൽ അപകടത്തെത്തുടർന്ന് ഒരുട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്. അതിനാൽ വടക്കുനിന്ന് വരുന്ന ട്രെയിനുകൾ ആലുവയിലൂടെ കടന്നുപോകുന്നതിനുമുമ്പ് അങ്കമാലിയിലാണ് നിർത്തിയിടുന്നത്. എറണാകുളത്തുനിന്ന് വരുന്ന ട്രെയിനുകൾ കടന്നുപോയ ശേഷമാണ് വടക്കുഭാഗത്തുനിന്നുള്ള ട്രെയിനുകൾക്ക് പോകാൻ അനുവദിക്കുന്നത്. ഇത് വൈകിയോട്ടത്തിന് കാരണമാകുന്നു.