vadakkekara-bridge-

പറവൂർ: വാഹനം ഇടിച്ച് അപകടാവസ്ഥയിലായ വടക്കേക്കര പാലത്തിന്റെ കൈവരികൾ ഇരുമ്പ് പൈപ്പുകൾ കൊണ്ട് താത്കാലികമായി നിർമ്മിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. പൊതുമരാമത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം നൽകാനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസറെ നിയമിച്ചു. പ്രതിപക്ഷ നേതാവിന്റെ അദ്ധ്യക്ഷതയിൽ നിയമിതനായ നോഡൽ ഓഫീസറും നാഷണൽ ഹൈവേ വൈറ്റില സൂപ്രണ്ടിംഗ് എൻജിനീയറുമായ കെ. ദീപുവിന്റെ സാന്നിദ്ധ്യത്തിൽ ആദ്യയോഗം ചേർന്നു. പറവൂർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തുകയും ചെയ്തു. എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നോഡൽ ഓഫിസർക്ക് പ്രതിപക്ഷ നേതാവ് നിർദ്ദേശം നൽകി. യോഗത്തിൽ വടക്കേക്കര പാലത്തിൽ വാഹനം ഇടിച്ച് അപകടാവസ്ഥയിലായ പാലത്തിന്റെ കൈവരികൾ അടിയന്തരമായി നന്നാക്കണമെന്ന് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നോഡൽ ഓഫീസർ സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ചത്.